തിരുവനന്തപുരം > കോവിഡിൽ കുടിശ്ശികയായ സഹകരണ ബാങ്ക് വായ്പകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക തീർപ്പാക്കാൻ കുടിശ്ശികനിവാരണ പദ്ധതി തിങ്കളാഴ്ച ആരംഭിക്കും.
ഗുരുതര രോഗബാധിതരുടെ വായ്പകൾക്ക് പരമാവധി ഇളവുകൾ നൽകാൻ നിർദേശിച്ചതായും സഹകരണമന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. വായ്പക്കാരൻ മരിച്ചതിനാൽ കുടിശ്ശികയായവയിൽ അവകാശികൾക്ക് ഇളവ് ലഭിക്കും. സെപ്തംബർ 30 വരെ പദ്ധതി തുടരും. മാർച്ച് 31വരെ പൂർണമായോ ഭാഗികമായോ കുടിശ്ശികയായ വായ്പകൾക്ക് തീർപ്പാക്കൽ പരിഗണന ലഭിക്കും.
വായ്പ തുകയുടെ അടിസ്ഥാനത്തിൽ 30 ശതമാനംവരെ ഇളവ് അനുവദിക്കും. 2020 ഏപ്രിൽ ഒന്നുമുതൽ കൃത്യമായി തിരിച്ചടച്ചവർക്ക് അടച്ച പലിശയിൽ ഇളവ് നൽകും. പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്കുകളിൽനിന്ന് 2018–-2019ലെടുത്ത വായ്പകൾക്ക് 50 ശതമാനംവരെ കുറവ് അനുവദിക്കും.
അർബുദം, പക്ഷാഘാതം, എയ്ഡ്സ്, കരൾവീക്കം, ക്ഷയം, ചികിത്സയിൽ മാറ്റാനാകാത്ത മാനസികരോഗം എന്നിവ ബാധിച്ചവർക്കും ഹൃദയശസ്ത്രക്രിയക്ക് വിധേയരായവർ, ഡയാലിസിസ് നടത്തുന്നവർ, അപകടത്തിൽ കിടപ്പിലായവർ എന്നിവർക്കും പരമാവധി ഇളവുകൾ നൽകും. തീർപ്പാക്കൽ അംഗീകരിക്കുന്ന എല്ലാ വായ്പയ്ക്കും പിഴപ്പലിശ ഒഴിവാകും.
ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങിയ സമിതികൾ അദാലത്തുകൾക്ക് നേതൃത്വം നൽകും. കോടതി ചെലവിൽ ബാങ്ക് ഭരണ സമിതികൾക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി.