തിരുവനന്തപുരം : വീട്ടമ്മയുടെ മൊബൈൽ നമ്പർ ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തയ്യൽ ജോലി ചെയ്യുന്ന വാകാനം സ്വദേശിനിയുടെ നമ്പറാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്. പോലീസിൽ പലവട്ടം പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് ഇന്ന് മാതൃഭൂമിയിൽ വാർത്ത വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം..
Read:ലൈംഗികത്തൊഴിലാളിയെന്ന പേരിൽ നമ്പർ പ്രചരിപ്പിച്ചു; ജീവിതം വഴിമുട്ടി വീട്ടമ്മ ……
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും.
ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചുപൊറുപ്പിക്കാൻ ആകില്ല.
മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകും. സ്ത്രീകൾക്കെതിരേഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാൽഅവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്വം പൊലീസ് നിറവേറ്റും.















