പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ആക്കുളത്ത് ലുലു മാള്‍ നിര്‍മ്മിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് എം കെ സലിം ഹർജി സമർപ്പിച്ചത്. ഹർജി തള്ളിയ കോടതി പാര്‍വതി പുത്തനാറിലേക്കോ മറ്റേതെങ്കിലും പുറമ്പോക്ക് വസ്തുവിലേക്കോ ലുലു മാള്‍ ഒരു കയ്യേറ്റവും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. ലുലുമാള്‍ നിര്‍മ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ചാണ് എന്ന് പരാതിക്കാരന്‍റെ വാദം തെറ്റിദ്ധാരണ മൂലമാണെന്ന് കോടതി പറഞ്ഞു.
ആവശ്യമായ രേഖകള്‍ പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് പറഞ്ഞ കോടതി പരാതിക്കാരന്‍റെ വാദം തെറ്റിദ്ധാരണ മൂലമാണെന്ന് കൂട്ടിച്ചേർത്തു. നിർമ്മാണത്തിൽ സിആര്‍സെഡ് ചട്ടങ്ങളോ കേരള നെൽവയൽ – തണ്ണീർത്തട സംരക്ഷണ നിയമങ്ങളോ ലംഘിച്ചിട്ടില്ല.
ലുലു മാളിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന പ്രദേശം തീരപരിപാലന നിയമങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
1.5 ലക്ഷം ചതുരശ്ര മീറ്ററിന് മുകളിലുള്ള ടൗൺഷിപ്പ്, ഏരിയ ഡെവലപ്‌മെന്റ് പദ്ധതികൾക്കായി പാരിസ്ഥിതിക അനുമതി നൽകാൻ തങ്ങള്‍ക്ക് കഴിയുമെന്ന് എസ്ഇഐഎഎ വ്യക്തമാക്കിയിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസ് പ്രകാരം എല്ലാ രേഖകളും പരിശോധിച്ചതിനുശേഷം കെട്ടിട അനുമതി നൽകിയതെന്ന് തിരുവനന്തപുരം കോർപ്പറേഷനും അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹർജി തള്ളുകയാണെന്ന് ഹൈക്കോടതി പറഞ്ഞു.