കോഴിക്കോട്: എ.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയുമായി ബന്ധപ്പെട്ട് ഉയർന്ന് വിവദങ്ങളിൽ ഇന്ന് പാർട്ടി നടപടിക്ക് സാധ്യത. സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനിരിക്കുന്നതിനിടെ അത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും ഒടുവിൽ വനിതാ കമ്മീഷനിലേക്ക് വരെ എത്തിയതും ഏറെ ഗൗരവമായിട്ടാണ് ലീഗ് കാണുന്നത്. ഇത് അച്ചടക്ക ലംഘനമായി കാണുമെന്ന് കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് ചേരുന്ന പാർട്ടി നേതൃയോഗം പരാതി പറഞ്ഞവർക്കെതിരേ നടപടിയെടുക്കാനൊരുങ്ങുന്നത്. ഏത് തരത്തിലുള്ള നടപടിയാണ് ഉണ്ടാവുകയെന്നത് വ്യക്തമല്ലെങ്കിലും അതിന്റെ ഏകദേശ രൂപമായിട്ടുണ്ടെന്നാണ് എം.എസ്.എഫ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പാർട്ടി അച്ചടക്കം ലംഘിച്ചവർക്കെതിരേ നടപടിയെടുക്കണമെന്ന് എം.എസ്.എഫ് ലീഗ് നേതൃത്വ ത്തോട് ആവശ്യപ്പെട്ടിരുന്നു.
യൂത്ത് ലീഗിന്റേതടക്കം സംഘടനാ തിരഞ്ഞെടുപ്പ് വരാനിരിക്കേ നവാസിന്റെ എതിർചേരിയിലുള്ളവർ മുൻ കൂട്ടി കളിച്ച കളിയാണ് നിലവിലെ വിവാദമെന്നും ഇക്കാര്യം പാർട്ടി നേതൃത്വത്തിന് മനസ്സിലായിട്ടുണ്ട് എന്നുമാണ് നവാസ് പക്ഷം ചൂണ്ടിക്കാട്ടുന്നത്. പെൺകുട്ടികൾക്കെതിരേ ലൈംഗീക ചുവയോടെ സംസാരിച്ചുവെന്ന് പരാതിയിൽ പറയുന്ന യോഗത്തിൽ ഹരിതയുടെ ഒരംഗം മാത്രമാണ് പങ്കെടുത്തത്. സംഘടനാ വിഷയം ചർച്ച ചെയ്യുന്നതിനിടെ എല്ലാവർക്കും അഭിപ്രായമുണ്ടാവുമല്ലോ അത് എല്ലാവരും പറയട്ടെ എന്ന രീതിയിലുള്ള ഒരു നാട്ടുഭാഷാ പ്രയോഗമാണ് നടത്തിയത്. അന്ന് യോഗത്തിൽ ഇതിൽ ആർക്കും പരാതിയുമുണ്ടായിരുന്നില്ല. ഇതാണ് ഇപ്പോൾ വിവാദവും പരാതിയുമായി വന്നിരിക്കുന്നത്. ഇതിന് പിന്നിലെ ലക്ഷ്യം എല്ലാവർക്കും അറിയാമെന്നും പി.കെ നവാസുമായി ബന്ധപ്പെട്ടവർ പറയുന്നു.
കോവിഡ് ഒന്നാം തരംഗത്തിന് മുമ്പ് എം.എസ്.എഫ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം തള്ളി, മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നോമിനേഷനിലൂടെ പ്രസിഡണ്ട് പദവിയിലെത്തിയ ആളായിരുന്നു പി കെ നവാസ്. നവാസിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഉറച്ച പിന്തുണയായിരുന്നു ഗുണം ചെയ്തത്. പക്ഷെ നവാസിനെ അംഗീകരിക്കാത്തവർ ലീഗ് ഹൗസിൽ മുസ്ലീം ലീഗ് നേതാക്കളെ തടഞ്ഞുവച്ചു പ്രതിഷേധിച്ചിരുന്നു.
നിലവിൽ മലപ്പുറം ഹരിത ജില്ലാ കമ്മിറ്റിയിൽ മാത്രമാണ് ഹരിതയുടെ സംസ്ഥാന നേതൃത്വത്തിന് പിടിയില്ലാത്തത്. ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയോട് ആലോചിക്കാതെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ഇതിനെതിരെ നിലവിലെ ഹരിത സംസ്ഥാന കമ്മിറ്റി രംഗത്ത് വന്നതായിരുന്നു പ്രശ്നത്തിന് തുടക്കം. ഇത് ചർച്ച ചെയ്യാൻ കൂടിയായിരുന്നു പരാതിക്കാർ പറയുന്ന യോഗം വിളിച്ച് ചേർത്തതും. നിലവിലെ അവസ്ഥയിൽ മലപ്പുറം ജില്ലാ കമ്മറ്റിയിൽ നിന്നാണ് സംസ്ഥാന നേതൃത്വത്തിലേക്ക് അടക്കം ഇനി ആളുകൾ വരേണ്ടത്. ഇത് ഇപ്പോൾ പ്രശ്നമുണ്ടാക്കുന്നവർക്ക് നന്നായി അറിയാം. തുടർന്ന് ഈ കമ്മിറ്റിയെ പിരിച്ച് വിടുവിക്കാൻ കഴിയാവുന്നതൊക്കെ ഹരിത സംസ്ഥാന നേതൃത്വം ചെയ്തിരുന്നു. സാദിഖലി തങ്ങൾക്കടക്കം പരാതിയും നൽകിയിരുന്നു. എന്നാൽ ഇത് നടപ്പാവില്ലെന്ന് കണ്ടതോടെയാണ് കള്ളങ്ങൾ പ്രചരിപ്പിച്ച് കൊണ്ട് വരുന്നതെന്നും നവാസിനെ പിന്തുണക്കുന്നവർ പറയുന്നു. വനിതാകമ്മിഷന് പരാതി നൽകിക്കൊണ്ടുള്ള നിലവിലെ നീക്കം അതിന്റെ തുടർച്ചയാണെന്നാണ് പി കെ നവാസ് പക്ഷം പറയുന്നത്.
ഹരിത സംസ്ഥാന ഘടകം പിരിച്ചുവിടുകയോ, ഉടൻ പുന: സംഘടിപ്പിക്കുകയോ ചെയ്ത് പരാതിക്കാരായ പത്തുപേർക്കും പുറത്തേക്കുള്ള വഴിയൊരുക്കണമെന്ന നിർദ്ദേശമാണ് എം.എസ്.എഫ് മുന്നോട്ട് വെക്കുന്നത്. ഇത്തരത്തിള്ള തീരുമാനമായിരിക്കുമോ വൈകുന്നേരത്തോടെയണ്ടാവുകയെന്നതാണ് എം.എസ്.എഫും ഹരിതയും ഉറ്റുനോക്കുന്നത്.