മൂന്നാർ >വരയാടുകളുടെ വാസസ്ഥലമായ രാജമലയിൽ സഞ്ചാരികളുടെ തിരക്ക് തുടങ്ങി. അടച്ചിടലിൽ ഇളവ് വരുത്തിയതോടെ നിരവധി സന്ദർശകർ രാജമലയിൽ എത്തിത്തുടങ്ങി. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായുള്ള രാജമലയിൽ എത്തുന്ന വിനോദസഞ്ചാരികളെ അഞ്ചാം മൈലിൽനിന്ന് വനംവകുപ്പ് വാഹനങ്ങളിലാണ് മലമുകളിലേക്ക് കൊണ്ടുപോകുന്നത്. രാജമലയിൽ എത്തുന്നവർക്ക് വരയാടുകളെ തൊട്ടടുത്ത് കാണാൻ കഴിയും.
മഴയിൽ വനത്തിൽ കഴിയുന്ന ആടുകൾ വെയിൽ തെളിയുമ്പോഴാണ് പുറത്തേക്ക് ഇറങ്ങുന്നത്. ചെങ്കുത്തായ പാറയ്ക്ക് മുകളിലൂടെ നടന്നുനീങ്ങുന്ന വരയാടുകൾ സന്ദർശകർക്ക് കൗതുകക്കാഴ്ചയാണ്. മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ് പ്രവേശനഫീസ്. ഇപ്പോൾ സംസ്ഥാനത്തിന് അകത്തുള്ള വിനോദസഞ്ചാരികളാണ് എത്തുന്നത്. ഒരു ദിവസം ശരാശരി 400 മുതൽ 500 പേർ വരെ സന്ദർശനം നടത്തി മടങ്ങുന്നതായാണ് കണക്ക്.
വിനോദകേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതോടെ ഓണത്തിന് തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ. മൂന്നാറിലെ മറ്റ് വിനോദകേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിലും സന്ദർശകരുടെ തിരക്ക് കണ്ടുതുടങ്ങി.