തിരുവനന്തപുരം
ഒഴിവിന് ആനുപാതികമായി മാത്രം പിഎസ്സി റാങ്ക് ലിസ്റ്റിറക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി സംവരണതത്ത്വം പാലിച്ച് ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശൻ കമീഷനെ നിയമിച്ചു.
പ്രതീക്ഷിത ഒഴിവിന്റെ അഞ്ചിരട്ടിവരെ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. എന്നാൽ, ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കെല്ലാം നിയമനം ലഭിക്കില്ല. ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന മുഴുവൻ ഒഴിവിലും നിയമനം നടത്തുകയാണ് സർക്കാർ നയം. ഒഴിവ് കൃത്യമായി ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാൻ എല്ലാ നിയമനാധികാരികൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. പിഎസ്സി നിയമന വിവരങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തും. ഇതിനായി വകുപ്പിലും സ്ഥാപനത്തിലുമുള്ള തസ്തിക, ജോലി ചെയ്യുന്നവർ, വിരമിക്കൽ തീയതി, അവധി തുടങ്ങിയ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.