തിരുവനന്തപുരം
ഡ്രോണുകളുടെ വ്യാപക ഉപയോഗം പൊലീസിനും മറ്റു സുരക്ഷാ ഏജൻസികൾക്കും ഉണ്ടാക്കുന്ന വെല്ലുവിളികൾ വിജയകരമായി തരണം ചെയ്യാൻ ഡ്രോൺ ഫോറൻസിക് ലാബ് സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് ആരംഭിച്ച പൊലീസ് ഡ്രോൺ ഫോറൻസിക് ലാബും ഗവേഷണകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടെ ഒരു അൺ മാൻഡ് ഏരിയൽ വെഹിക്കിൾ ഫോറൻസിക് ലാബ് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം.
പൊലീസ് സൈബർ ഡോമിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം വിവിധതരം ഡ്രോണും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തല വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും. ഡ്രോണിന്റെ മെമ്മറി, സോഫ്റ്റ് വെയർ, ഹാർഡ് വെയർ, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസ്സിലാക്കാനാകും. ക്രമസമാധാനപാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുള്ള ഡ്രോണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരളാ പൊലീസ് ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, എഡിജിപി കെ പത്മകുമാർ, സൈബർ ഡോം നോഡൽ ഓഫീസർ എഡിജിപി മനോജ് എബ്രഹാം, ഡിഐജി പി പ്രകാശ് എന്നിവരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കൂടാതെ ഡ്രോണുകളുടെ പ്രദർശനവും എയർ ഷോയും സംഘടിപ്പിച്ചു. ദുരന്തനിവാരണ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന മെഡിക്കൽ ഡ്രോൺ, ലൈഫ് ജാക്കറ്റ് ഡ്രോൺ, പബ്ലിക് അനൗൺസ്മെന്റ് ഡെമോൺസ്ട്രേഷൻ ഡ്രോൺ തുടങ്ങിയവയും വിവിധ ചെറുവിമാനങ്ങളും എയർ ഷോയിൽ പ്രദർശിപ്പിച്ചു.