കൊച്ചി
ഡോളർ കടത്തുകേസിൽ കസ്റ്റംസിനുപോലും വിശ്വാസമില്ലാത്ത പ്രതികളുടെ മൊഴി വീണ്ടും ചാനലുകളിൽ “ബ്രേക്കിങ് ന്യൂസാ’യത് നിയമസഭയിലെ പ്രതിപക്ഷ നാടകത്തിനായി. മുൻ മുഖ്യമന്ത്രിക്കും മുൻ സ്പീക്കർക്കുമെതിരെ രാഷ്ട്രീയ താൽപ്പര്യത്തോടെ രണ്ട് പ്രതികൾ നൽകിയ മൊഴിയിൽ തെളിവു കണ്ടെത്താനായില്ലെന്ന് കസ്റ്റംസുതന്നെ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഈ വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിച്ചതിന്റെ തലേന്ന് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം എന്ന തലക്കെട്ടിൽ ബ്രേക്കിങ് നൽകി ചാനലുകൾ.
ജൂലൈ 29–-ാം തീയതിവച്ച് കസ്റ്റംസ് തയ്യാറാക്കിയ 78 പേജുള്ള കാരണംകാണിക്കൽ നോട്ടീസിലെ വിവരം അടുത്ത ദിവസങ്ങളിൽത്തന്നെ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. കൊട്ടിഘോഷിച്ച പല ‘കണ്ടെത്തലി’നും തെളിവില്ലെന്ന കസ്റ്റംസിന്റെ ഏറ്റുപറച്ചിലായിരുന്നു പ്രധാനഭാഗം. പ്രധാന പ്രതികൾ വിദേശത്താണെന്നും പറയുന്നു. അതുതന്നെയാണ് മാധ്യമങ്ങൾ വാർത്തയാക്കിയതും. മുൻ മന്ത്രി കെ ടി ജലീലിനെ നിരവധിതവണ ചോദ്യം ചെയ്തെങ്കിലും സാക്ഷിപ്പട്ടികയിൽപ്പോലും ചേർത്തില്ല, മുഖ്യമന്ത്രിക്കും മുൻ സ്പീക്കർക്കുമെതിരായ മൊഴിയിലെ പൊരുത്തക്കേട് എന്നിവയും വാർത്തയായി.
ഈ സാഹചര്യത്തിലാണ് ഡോളർകടത്തുകേസിലെ പ്രതിപക്ഷ അടിയന്തര പ്രമേയത്തിന്റെ തലേന്ന് കസ്റ്റംസിന്റെ കാരണംകാണിക്കൽ നോട്ടീസ് ചാനലുകളിൽ പൊട്ടിവീണത്. ഓൺലൈൻ മാധ്യമങ്ങളിലും വാർത്ത പ്രത്യക്ഷപ്പെട്ടു. രണ്ടാഴ്ചമുമ്പ് പ്രതികൾക്ക് നോട്ടീസ് കൊടുത്തശേഷം ഈ ദിവസങ്ങളിൽ കേസിൽ പുതുതായൊന്നും സംഭവിച്ചിട്ടില്ല. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. ചാനലുകളിൽ ചർച്ച തുടങ്ങിയതിനുപിന്നാലെ പിറ്റേന്ന് സഭയിൽ പ്രതിപക്ഷ പ്രമേയവും വാക്കൗട്ടും പുറത്ത് സമരനാടകവും അരങ്ങേറി. വെള്ളിയാഴ്ചയും പ്രതിപക്ഷം ഇതേ വിഷയത്തിൽ സഭവിട്ടു.