തൊടുപുഴ
മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിൽ സാങ്കേതികത്തകരാർ മൂലം ഒരുമിച്ച് പ്രവർത്തനരഹിതമായ ആറ് ജനറേറ്ററും പൂർണസജ്ജമായി. വ്യാഴാഴ്ച രാത്രി 7.28നാണ് തകരാറുണ്ടായത്. ശ്രദ്ധയിൽപ്പെട്ട് 70 മിനിറ്റുകൊണ്ട് ഇത് പരിഹരിച്ചു. ജനറേറ്ററുകൾ നിയന്ത്രിക്കുന്ന പുതിയ ഡിസി ബാറ്ററി ചാർജർ സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. രാത്രി പതിനൊന്നോടെ മുഴുവൻ ജനറേറ്ററും പൂർണ സജ്ജമാക്കി. പവർഹൗസ് പ്രവർത്തമാരംഭിച്ച ശേഷം ആദ്യമായാണ് മുഴുവൻ ജനറേറ്ററും ഒരുമിച്ച് പ്രവർത്തനം നിലച്ചത്.
സംഭവത്തിൽ ഉന്നതതല റിപ്പോർട്ട് തേടിയതായി വൈദ്യുതി നിലയം സന്ദർശിച്ച മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഇതിനായി വൈദ്യുതി ബോർഡ് ചെയർമാനെയും ചീഫ് എൻജിനിയറെയും ചുമതലപ്പെടുത്തി. കൂടുതൽ ഉപഭോഗമുള്ള സമയത്താണ് അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത്. ഈ സമയം ആവശ്യമായ വൈദ്യുതി കേന്ദ്ര പൂളിൽനിന്ന് ലഭ്യമാക്കിയതിനാൽ പ്രതിസന്ധി ഉണ്ടായില്ല. ഇനി ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ നടപടിയുണ്ടാകും. രണ്ടാം ജലവൈദ്യുതി നിലയത്തിന്റെ സാധ്യതാപഠനം പുരോഗമിക്കുകയാണ്. പ്രശ്നം പരിഹരിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
വൈദ്യുതി ബോർഡ് ചെയർമാൻ ഡോ. ബി അശോക്, കെഎസ്ഇബി ഡയറക്ടർമാരായ ആർ സുകു, സിജി ജോസ്, ചീഫ് എൻജിനിയർ രാജൻ ജോസ്, പവർഹൗസ് ജനറേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷാജി കെ മാത്യു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.