തിരുവനന്തപുരം
ധന നടപടികൾ പൂർത്തിയാക്കി 15–-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം പിരിഞ്ഞു. ബജറ്റിലെ ധനാഭ്യർഥനകൾ പാസാക്കാനും അനുബന്ധ ധന നടപടികൾക്കുമായി 17 ദിവസമാണ് സഭ സമ്മേളിച്ചത്. 46 ധനാഭ്യർഥനകൾ പാസാക്കി. ഇവയെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലും ധന നിർദേശങ്ങൾക്ക് നിയമപ്രാബല്യം നൽകുന്ന രണ്ട് ധനബില്ലും ഉപധനാഭ്യർഥനകൾക്കായുള്ള ധനവിനിയോഗ ബില്ലും പാസാക്കി.
14 അടിയന്തരപ്രമേയ നോട്ടീസ് സഭ പരിഗണിച്ചതായി സ്പീക്കർ എം ബി രാജേഷ് അറിയിച്ചു. 29 ശ്രദ്ധക്ഷണിക്കലും 157 ഉപക്ഷേപവും പരിഗണിച്ചു. 295 രേഖ മന്ത്രിമാർ സമർപ്പിച്ചു. സഭാ സമിതികളുടെ 58 റിപ്പോർട്ടുമുണ്ടായി. കേന്ദ്ര സർക്കാരിന്റെ പുതിയ വൈദ്യുതി നിയമം പിൻവലിക്കാനാവശ്യപ്പെടുന്ന പ്രമേയവും അംഗീകരിച്ചു. 2020-ലെ കേരള പൊലീസ് ചട്ടങ്ങൾക്ക് ഏതാനും ഭേദഗതി നിർദേശങ്ങളും പരിഗണനയ്ക്കുവന്നു.നക്ഷത്ര ചിഹ്നമിട്ട 510ഉം നക്ഷത്രചിഹ്നമിടാത്ത 5172 ചോദ്യത്തിനും മന്ത്രിമാർ മറുപടി നൽകി. 67 ചോദ്യത്തിന് വാക്കാൽ മറുപടി ലഭിച്ചു. 486 ഉപചോദ്യം ഉന്നയിച്ചു. 2021-ലെ കേരള ശാസ്ത്രസാങ്കേതികവിദ്യാ സർവകലാശാലാ ബിൽ സഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിട്ടു.
ഒമ്പത് അനൗദ്യോഗിക ബില്ലും രണ്ട് അനൗദ്യോഗിക പ്രമേയവും പരിഗണിച്ചു. 44 ഓർഡിനൻസിന് പകരമുള്ള ബില്ലുകളും മറ്റ് അടിയന്തര സ്വഭാവമുള്ള ബില്ലുകളും പരിഗണിക്കാൻ സമ്മേളനം ഉടൻ ചേരേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് സഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചു.
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ അവസാനദിനവും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഡോളർ കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി മൗനംവെടിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു വെള്ളിയാഴ്ച ബഹിഷ്കരണം.
ചോദ്യോത്തരവേളയുടെ ആരംഭത്തിൽത്തന്നെ പ്രതിപക്ഷം ബഹളംവച്ചു. ചോദ്യോത്തരവേളയിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനാകില്ലെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. പട്ടികജാതി –-പട്ടികവർഗ മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ മന്ത്രി കെ രാധാകൃഷ്ണനെ സ്പീക്കർ ക്ഷണിച്ചതോടെ പ്രതിപക്ഷം സഭയിൽ ബാനർ ഉയർത്തി പ്രതിഷേധം തുടങ്ങി. അടിസ്ഥാനവർഗ ജനതയുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചോദ്യോത്തരവേളയിൽ വരുമ്പോൾ പ്രതിപക്ഷം ബഹളമുണ്ടാക്കുന്നത് പതിവാണെന്ന് ഭരണകക്ഷി അംഗങ്ങൾ പറഞ്ഞു. നിയമസഭയ്ക്കു പുറത്ത് ‘അഴിമതിവിരുദ്ധ മതിൽ’ തീർത്തശേഷം പ്രതിപക്ഷം പിരിഞ്ഞുപോയി.