തിരുവനന്തപുരം
എൻഡോസൾഫാൻ ദുരിതബാധിതർക്ക് കഴിഞ്ഞ ഓണക്കാലത്ത് ലഭിച്ച സഹായം ഇത്തവണയുമുണ്ടാകുമെന്ന് ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. . എല്ലാ തൊഴിൽ മേഖലയിലും കഴിഞ്ഞതവണത്തെ സഹായമുണ്ടാകും. ഇതിന് സാമ്പത്തികപ്രയാസം കാര്യമാക്കില്ലെന്നും ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
സർക്കാർ വരുമാനം കഴിഞ്ഞവർഷം 33,000 കോടി രൂപ കുറഞ്ഞു. ഈവർഷവും കുറയാനാണ് സാധ്യത. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്ത് സാധാരണക്കാരുടെ ഭക്ഷണത്തിൽ 70 ശതമാനം കുറവുണ്ടായി. സംസ്ഥാനത്ത് ഇതുണ്ടാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യക്കിറ്റ്. കരാറുകാർക്ക് 1484 കോടി കൊടുത്തു. ഭക്ഷ്യക്കിറ്റിലേക്ക് ഉൾപ്പെടുത്തുകവഴി ഏലം, നെയ്യ് ഉൽപ്പാദകരായ കർഷകർക്ക് പ്രയോജനമുണ്ടായി. കശുവണ്ടിപ്പരിപ്പിന് വില ഉയർന്നത് വ്യവസായത്തിന് ഉണർവേകും. കോവിഡ് വാക്സിൻ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മികച്ചനിലയിൽ മുന്നേറുന്നതായും ധനമന്ത്രി പറഞ്ഞു.