തിരുവനന്തപുരം
കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് കൃത്യമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വകുപ്പ് സെക്രട്ടറി മിനി ആന്റണി. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്. വകുപ്പ് നിയോഗിച്ച ഒമ്പതംഗ അന്വേഷകസമിതിയുടെ പ്രാഥമിക വിലയിരുത്തലിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയവരെയാണ് സസ്പെൻഡ് ചെയ്തത്. ആരെയും അകാരണമായി നടപടിക്ക് വിധേയമാക്കിയിട്ടില്ല.
സംഘത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര അപാകതകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഓഡിറ്റിന്റെ ഭാഗമായല്ല, ജോയിന്റ് രജിസ്ട്രാർക്ക് ലഭിച്ച പരാതിയിൽ നടന്ന അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇതിനുശേഷമാണെന്ന് പണാപഹരണം സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തത്. അപഹരിച്ച തുക, കണ്ടുപിടിച്ച ഉദ്യോഗസ്ഥൻ, പണാപഹരണം അറിഞ്ഞ തീയതി, പ്രോസിക്യൂട്ട് ചെയ്യേണ്ട ശിക്ഷാ നിയമത്തിലെ വകുപ്പുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ഉൾപ്പെടുത്താതെ ഫണ്ട് ദുർവിനിയോഗം എന്നുമാത്രമാണ് റിപ്പോർട്ട് ചെയ്തത്. ക്രമക്കേടിന് കൂട്ടുനിന്നെന്ന് അന്വേഷകസംഘം രേഖകളുടെ അടിസ്ഥാനത്തിൽ ഉറപ്പാക്കിയവരാണ് നടപടി നേരിടേണ്ടിവരുന്നതെന്നും സെക്രട്ടറി വ്യക്തമാക്കി.