തിരുവനന്തപുരം
പട്ടികവിഭാഗങ്ങളോട് പ്രതിപക്ഷത്തിന് പ്രതികാര നിലപാടാണെന്ന് ഭരണകക്ഷി അംഗങ്ങൾ. വെള്ളിയാഴ്ച ചോദ്യാേത്തരവേളയിൽ ട്രൈബൽ പ്ലസ് പദ്ധതി ചർച്ച ആരംഭിച്ചയുടൻ പ്രതിപക്ഷം ബഹളം ആരംഭിച്ചു. തുടർന്ന്, ബഹിഷ്കരണ നാടകവും അരങ്ങേറി. പട്ടികവിഭാഗങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അവസരങ്ങളിലെല്ലാം പ്രതിപക്ഷം തൊടുന്യായം ഉയർത്തി മനഃപൂർവം ബഹളം സൃഷ്ടിക്കുകയാണെന്ന് കെ ശാന്തകുമാരി പറഞ്ഞു. 35 ലക്ഷം വരുന്ന പട്ടികജാതി വിഭാഗത്തിന്റെയും രണ്ടുലക്ഷം വരുന്ന പട്ടികവർഗ ജനങ്ങളുടെയും വിഷയങ്ങളിൽ താൽപ്പര്യമില്ല. ഇത് പ്രതിഷേധാർഹമാണെന്ന് ശാന്തകുമാരി ചൂണ്ടിക്കാട്ടി.
അടിസ്ഥാന വർഗങ്ങളുമായി ബന്ധപ്പെട്ട ഒരുചോദ്യവും സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം സമ്മതിക്കുന്നില്ലെന്ന് കെ ഡി പ്രസേനൻ പറഞ്ഞു. 16 പട്ടികവിഭാഗ സംവരണമണ്ഡലത്തിൽ 14 ഇടത്തും ജനങ്ങൾ എൽഡിഎഫിനെ തെരഞ്ഞെടുത്തതിന്റെ അസഹിഷ്ണുതയാണ് പ്രതിപക്ഷം കാട്ടുന്നത്. ഈ വിഭാഗത്തിന്റെ ഒരുവിഷയവും ചർച്ച ചെയ്യേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് പ്രസേനൻ വ്യക്തമാക്കി. അവശജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ സഭ ചർച്ച ചെയ്യേണ്ടതില്ലെന്ന സമീപനം ശരിയല്ലെന്ന് മുരളി പെരുനെല്ലി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഡൽഹി യാത്രയ്ക്കുവേണ്ടി മനഃപൂർവം സഭ ബഹിഷ്കരിക്കാൻ തീരുമാനിച്ച പ്രതിപക്ഷം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതാവശ്യങ്ങൾക്കുനേരെയാണ് മുഖം തിരിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.