ലണ്ടൻ
സംഘർഷം രൂക്ഷമാകുന്ന അഫ്ഗാൻ ആഭ്യന്തരയുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ്. 1830കളിലേതുപോലെ വിവിധ പ്രദേശങ്ങൾ സായുധസംഘങ്ങളുടെ നിയന്ത്രണത്തിലേക്ക് പോകും. രാജ്യം അസ്ഥിരമാകുന്നതോടെ ഭീകരസംഘടന അൽ ഖായിദ തിരിച്ചുവരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ സുരക്ഷിതരായി തിരികെയെത്തിക്കാൻ അധികമായി 600 പട്ടാളക്കാരെ അയക്കാനും സർക്കാർ തീരുമാനിച്ചു. എത്രയും വേഗം അഫ്ഗാൻ വിടണമെന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. കാബൂളിലുള്ള ബ്രിട്ടീഷുകാരോടും സഹായം ആവശ്യമെങ്കിൽ എംബസിയെ ബന്ധപ്പെടാൻ നിർദേശിച്ചു. പരിഭാഷകർ ഉൾപ്പെടെ എംബസിയിൽ പ്രവർത്തിച്ച അഫ്ഗാൻകാരെയും ബ്രിട്ടനിലേക്ക് കൊണ്ടുവരും. അമേരിക്കയും കാബൂളിലെ എംബസി ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുപോവാൻ തീരുമാനിച്ചു. ഇതിനായി 3000 സൈനികരെ അയക്കും. ഖത്തറിൽ നടന്ന സമാധാന ചർച്ച വഴിമുട്ടിയതിനെ തുടർന്നാണ് തീരുമാനം. പരിഭാഷകരടക്കമുള്ളവരെ കൊണ്ടുപോവാൻ സ്പെയിനും തീരുമാനിച്ചു.
അഫ്ഗാൻ കടുത്ത മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾക്ക് ഗതാഗത, മൊബൈൽ ഫോൺ സേവന ദൗർലഭ്യം രൂക്ഷമാകുന്നു. താലിബാൻ ജനങ്ങളെ മറയായി ഉപയോഗിക്കുകയും സൈന്യം അവരുടെ സുരക്ഷ അവഗണിച്ച് വ്യോമാക്രമണം നടത്തുകയും ചെയ്യുന്നു. വിവിധ മേഖലകളിൽനിന്ന് ജനങ്ങൾ കൂട്ടമായി കാബൂളിലേക്കും അയൽരാജ്യങ്ങളിലേക്കും പലായനം ചെയ്യുകയാണ്.അഫ്ഗാൻ സ്ഥിതിഗതികൾ വിലയിരുത്താൻ ബ്രസ്സൽസിൽ നാറ്റോ യോഗം ചേർന്നു. 30 രാജ്യങ്ങളിൽനിന്നുള്ള സ്ഥാനപതികൾ പങ്കെടുത്തു
പാക് അതിർത്തിയിൽ
സംഘർഷം
താലിബാൻ അടച്ച ചമൻ അതിർത്തിയിൽ അഫ്ഗാൻകാരും പാക് സൈന്യവും ഏറ്റുമുട്ടി. പാകിസ്ഥാനിൽ അകപ്പെട്ട അഫ്ഗാൻകാരാണ് ബലൂചിസ്ഥാൻ മേഖലയിലെ ചമാൻ സ്പിൻ ബോൽഡാക് അതിർത്തിവഴി അഫ്ഗാനിലേക്ക് കടത്തിവിടണമെന്ന ആവശ്യവുമായി സൈന്യത്തോട് ഏറ്റുമുട്ടിയത്. എന്നാൽ, അഫ്ഗാൻകാർക്ക് പാകിസ്ഥാൻ വിസാരഹിത യാത്ര അനുവദിക്കുംവരെ അതിർത്തി തുറക്കില്ലെന്ന നിലപാടിലാണ് താലിബാൻ. രാജ്യത്തേക്ക് മടങ്ങാൻ തടിച്ചുകൂടിയവരിൽ ഒരാൾ ഹൃദയാഘാതം വന്ന് മരിച്ചതോടെയാണ് സംഘർഷമുണ്ടായത്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പാക് സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു.