ആഗസ്റ്റ് 15 ന് എല്ലാ പാര്‍ടി ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണമെന്നും സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റ്കാര് വഹിച്ച പങ്ക് ജനങ്ങളിലെത്തിക്കാന്‍ കഴിയുന്ന ആശയസംവാദങ്ങള്‍ സംഘടിപ്പിക്കണമെന്നുമാണ് സി പി ഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തത്. ഇതോടെ കേരളത്തില്‍ മാതൃഭൂമിയടക്കമുള്ള ബൂര്ഷാമാധ്യമങ്ങളും വര്ഗീയവലതുപക്ഷ ശക്തികളും ഇതാ ആദ്യമായി കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യ ദിനമാചരിക്കുന്നു, പാര്‍ടി ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നു, സ്വാതന്ത്ര്യ സമരത്തോടും സ്വാതന്ത്ര്യ ദിനത്തോടും കമ്യൂണിസ്റ്റുകാര്‍ എടുത്ത നിഷേധാത്മക നിലപാടുകള്‍ തിരുത്തുന്നു എന്നൊക്കെയുള്ള രീതിയില്‍ പ്രചാരണമഴിച്ചുവിടുകയാണ്
ഫേസ്ബുക്ക് കുറിപ്പ്
രാജ്യത്തിന്റെ പരമാധികാരവും മതനിരപേക്ഷ ദേശീയസ്വത്വവും തകര്‍ക്കുന്ന കോര്പ്പറേറ്റ്ഹിന്ദുത്വ ഭരണത്തിനെതിരായി ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യപാരമ്പര്യത്തെയും ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളെയും ഉയര്‍ത്തി കൊണ്ടുവരണമെന്നും ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആചരിക്കണമെന്നുമുള്ള സി പി ഐ എം കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനം എല്ലാ വര്‍ഗീയ വലതുപക്ഷ വിഭാഗങ്ങളെയും പ്രകോപിതരാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 15 ന് എല്ലാ പാര്‍ടി ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണമെന്നും സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റ്കാര് വഹിച്ച പങ്ക് ജനങ്ങളിലെത്തിക്കാന്‍ കഴിയുന്ന ആശയസംവാദങ്ങള്‍ സംഘടിപ്പിക്കണമെന്നുമാണ് സി പി ഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തത്.
ഇതോടെ കേരളത്തില്‍ മാതൃഭൂമിയടക്കമുള്ള ബൂര്ഷാമാധ്യമങ്ങളും വര്ഗീയവലതുപക്ഷ ശക്തികളും ഇതാ ആദ്യമായി കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യ ദിനമാചരിക്കുന്നു, പാര്‍ടി ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നു, സ്വാതന്ത്ര്യ സമരത്തോടും സ്വാതന്ത്ര്യ ദിനത്തോടും കമ്യൂണിസ്റ്റുകാര്‍ എടുത്ത നിഷേധാത്മക നിലപാടുകള്‍ തിരുത്തുന്നു എന്നൊക്കെയുള്ള രീതിയില്‍ പ്രചാരണമഴിച്ചുവിടുകയാണ്
അരുണ്‍ ഷൂരിയുടെ കമ്യൂണിസ്റ്റ് വിരോധത്തിന്റെ വിഷം ചീറ്റുന്ന ചവറ് ചരിത്ര പുസ്തകമായThe only Father Land (ആര് എസ് എസിന് വേണ്ടി തയാറാക്കിയ ) ല്‍ നിന്നും സ്വാതന്ത്ര്യ സമര ചരിത്രം പഠിപ്പിച്ചവര്ക്കേ കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ലെന്നതു പോലുള്ള ബഡായി പൊട്ടിക്കാനാവൂ.
1000 കണക്കിന് കമ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരുമാണ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിലുകളിലടക്കക്കപ്പെട്ടത്. തൂക്കുമരങ്ങളിലേക്കും ചീറിപ്പാഞ്ഞു വന്ന വെടിയുണ്ടകള്‍ക്ക് മുമ്പിലേക്കും സ്വന്തം മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പാഞ്ഞടുത്ത് മരണം വരിച്ചവര്‍, സമരമുഖങ്ങളില്‍ മര്ദ്ദനങ്ങളേറ്റുവാങ്ങിയവര് അനവധിയാണ്. 1940 ല്‍ തലശ്ശേരി ജവഹര്‍ഘട്ടില്‍ സാമ്രാജ്യത്വ വിരുദ്ധ റാലിക്ക് നേരെ ബ്രിട്ടീഷ് പോലീസ് നടത്തിയ വെടിവെപ്പിലാണ് അബുവും ചാത്തുക്കുട്ടിയും പിടഞ്ഞു വീണത്.
സാമ്രാജ്യത്വം തുലയട്ടെ ജന്മിത്വം തകരട്ടെയെന്ന് മുദ്രാവാക്യം വിളിച്ചാണവര് അന്ത്യശ്വാസം വലിച്ചത്. കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അധികാര കൈമാറ്റത്തോടെ ജയില്‍ മോചിതരാക്കിയ പ്പോഴും ബ്രിട്ടീഷുകാര്‍ തടവിലിട്ട കമ്യൂണിസ്റ്റുകാരെ വിട്ടയക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ലായെന്നതാണല്ലോ ചരിത്ര സത്യം. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് മാത്രമല്ല ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ കരുവായി കളിച്ച ഹിന്ദുത്വ വാദികള്‍ വരെ കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ചവരാണെന്നും നുണപ്രചരണം നടത്തുകയാണ്.
ചരിത്രവിരുദ്ധവും ആക്ഷേപകരവുമായ പ്രചരണങ്ങളിലൂടെയാണല്ലോ ഫാസിസ്റ്റ് രാഷ്ട്രീയം അതിന്റെ കോര്‍പ്പറേറ്റ് മത രാഷ്ടീയത്തിനെതിരായ ജനാധിപത്യ ശക്തികളെയും കമ്യൂണിസ്റ്റുകാരെയും വേട്ടയാടുന്നത്. വ്യാജോക്തികളുടെയും ലളിതയുക്തികളുടേതുമായ ഈ സത്യാനന്തര കാലത്ത് ചരിത്രത്തിന്റെ അനിഷേധ്യമായ സത്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഓരോ ജനാധിപത്യവാദിയുടെയും ദേശസ്നേഹിയുടെയും കടമയാണ്. സ്വാതന്ത്ര്യ ദിനം കമ്യൂണിസ്റ്റുകാര്‍ കരിദിനമായി ആചരിച്ചു ഓഫീസുകളില്‍ കരിങ്കൊടി ഉയര്‍ത്തി എന്നൊക്കെ സംഘികളോടെപ്പം ചേര്‍ന്ന് പ്രചരണം നടത്തുന്ന കോണ്‍ഗ്രസുകാരോട് പറയാനുള്ളത് ചുരുങ്ങിയത് കെ പി സി സി യുടെയെങ്കിലും ചരിത്രമെങ്കിലും വായിക്കണമെന്നാണ്.
1947 ആഗസ്ത് 15ന്റ അധികാരകൈമാറ്റ ദിനം സ്വാതന്ത്ര്യ ദിനമായി വിപുലമായ രീതിയില്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയത് കൊണ്ടുവന്ന പാര്‍ട്ടി സെക്രട്ടറി കൃഷ്ണപിള്ളയുടെ പ്രസ്താവന ആഗസ്ത് 13 ന്റെ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രസ്താവനയില്‍ പറയുന്നത്.,
‘ആഗസ്ത് 14-ാം തിയ്യതി രാത്രി 12 മണിക്ക് ശേഷം കോഴിക്കോട് പാര്‍ടി ഓഫീസില്‍ വെച്ച് രാഷ്ട്രപതാകാ വന്ദനം നടത്തുന്നതാണ്.അതിന് കോഴിക്കോട്ടെ എല്ലാ പാര്‍ടി മെമ്പര്‍മാരും അനുഭാവികളും വന്നു ചേരണം. പതാക വന്ദനം കഴിഞ്ഞാല്‍ പലവിധ കലാസാംസ്കാരിക പരിപാടികളും നടത്തുന്നതായിരിക്കും.ആഗസ്റ്റ് 15 ന് കോണ്‍ഗ്രസിന്റെ പൊതുപരിപാടിയനുസരിച്ചുള്ള എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കുന്നതായിരിക്കും.’
അതെ, ആഗസ്ത് 14ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ അശോക ചക്രാങ്കിതമായ ത്രിവര്‍ണപതാക ഉയര്‍ന്ന അതേ സമയത്ത് തന്നെ കോഴിക്കോട് കല്ലായ്റോഡിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് നാട്ടില്ല കൊടിമരത്തിലും ദേശീയ പതാക ഉയര്‍ന്നു പാറി പറന്നു. പിറ്റേന്ന് ആഗസ്ത് 15ന് നഗരത്തില്‍ തൊഴിലാളികള്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ പ്രകടനത്തില്‍ ദേശീയ പതാകയുമേന്തി കൃഷ്ണപ്പിള്ള മുന്നില്‍ നടന്നു നീങ്ങി… പയ്യന്നൂരിലേക്കുള്ള ഉപ്പ് സത്യാഗ്രഹ ജാഥയുടെ ത്യാഗസ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് … കോഴിക്കോട്ടെ കടപ്പുറത്ത് ബ്രിട്ടീഷ് പോലീസുകാരില്‍ നിന്ന് ത്രിവര്‍ണ പതാക സംരക്ഷിക്കാനായുള്ള പ്രതിരോധത്തിലേറ്റുവാങ്ങി കൊടിയ മര്ദ്ദനസ്മരണകള് ഉണര്‍ത്തി കൊണ്ട് ….
ഇന്ത്യയുടെ ദേശീയസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ത്യാഗപൂര്‍ണ്ണമായ ചരിത്ര ഗതിയിലാണ് വിപ്ലവകാരികളായ സ്വാതന്ത്ര്യ സമര സേനാനികള്‍ ചേര്‍ന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം കൊടുക്കുന്നത്. 1920 ഒക്ടോബര്‍ മാസത്തില്‍ സോവ്യറ്റ് യൂണിയനിലെ താഷ്ക്കന്റ്റ് നഗരത്തിലെ വര്‍ക്കേഴ്സ് യൂണിവേഴ്സിറ്റിയില്‍ വെച്ച്.ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് ബഹുജന രാഷ്ട്രീയപ്പോരാട്ടങ്ങളുടെ ദിശാമുഖം നല്കിയ 1920 ലെ അഹമ്മദാബാദ് എ ഐ സി സിയില്‍ വിതരണം ചെയ്ത മാനിഫെസ്റ്റോ ,ഹസ്രത് മൊഹാനി അവതരിപ്പിച്ച പൂര്ണരാജ് പ്രമേയം, ഭൂപരിഷ്കരണത്തിനും സാമൂഹ്യനീതിക്കും തൊഴിലാളി യൂണിയന് അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, ഭരണഘടനാ അസംബ്ലിക്ക് വേണ്ടിയുള്ള ആഹ്വാനം, തുടങ്ങി ദേശീയ പ്രസ്ഥാനത്തിന്റെ ബഹുജന അജണ്ട രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് കമ്യൂണിസ്റ്റുകാര്‍ വഹിച്ചത്.
ഭാഷാ സംസ്ഥാനങ്ങളുടെയും മതനിരപേക്ഷ ഫെഡറല്‍ ആശയങ്ങളുടെയും അവതരണത്തിലൂടെ ഹിന്ദു മുസ്ലിം രാഷ്ട്രവാദികള്ക്കെതിരായ സമരം തുടങ്ങി ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുവന്നതും സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് നേതാക്കളായിരുന്നു.
ചരിത്രം എപ്പോഴും വര്‍ത്തമാനത്തോടാണ് സംസാരിക്കുന്നത് … നാടിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സ്വാശ്രയത്വവും അടിയറവെക്കുന്ന നവസാമ്രാജ്യത്വത്തിന്റെ പിണിയാളന്മാരെ ബ്രിട്ടിഷ് വിരുദ്ധ സമരചരിത്രവും അതില്‍ കമ്യൂണിസ്റ്റുകാര്‍ വഹിച്ച അനിഷേധ്യമായ പങ്കും ചര്‍ച്ചയാവുന്നത് വിറളി പിടിപ്പിക്കുന്നത് സ്വാഭാവിക മാത്രം…