പാലക്കാട്> ജില്ലയിലെ ഒമ്പത് ആര്‍ടിഒ ചെക്ക്പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍പരിശോധനയില്‍ വാക്കിടോക്കയും കണക്കില്‍പ്പെടാത്ത 4,000രൂപയും പിടികൂടി. സര്‍ക്കാരിന് നികുതിയായി ലഭിച്ച തുകയില്‍ കുറവും കണ്ടെത്തി.
വിജിലന്‍സ് പരിശോധനാ വിവരം മുന്‍കൂട്ടി ചെക്ക്പോസ്റ്റില്‍ അറിയിക്കാനാണ് വാക്കിടോക്കി ഉപയോഗിച്ചത്. മൂന്ന് വാക്കിടോക്കിയും വാളയാര്‍ ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടിച്ചെടുത്തത്. ജീവനക്കാര്‍ അനധികൃതമായി കൈവശം വയ്ക്കുകയായിരുന്നു വാക്കിടോക്കി. ജോലിസമയം കഴിഞ്ഞും ചെക്ക്പോസ്റ്റുകളില്‍ ഉദ്യോഗസ്ഥര്‍ തുടരുന്നതായും കണ്ടെത്തി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വാളയാര്‍ ഉള്‍പ്പടെയുള്ള ചെക്ക്പോസ്റ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു പരിശോധന.
വാളയാര്‍ ആര്‍ടിഒ ചെക്ക്പോസ്റ്റില്‍ ജൂലൈ 27ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 1,70,000രൂപ കണ്ടെത്തിയിരുന്നു. പിരിച്ചെടുത്ത പണം ലോറിഡ്രൈവര്‍ മുഖേന പാലക്കാട്ടെ ഏജന്റിന് കൈമാറുന്നതായും ഏജന്റ് പിന്നീട് പണം ഉദ്യോഗസ്ഥരെ ഏല്പ്പിക്കുകയുമാണെന്നും കണ്ടെത്തി. ചെക്ക്പോസ്റ്റുകളെകുറിച്ച് നിരന്തരം പരാതി ഉയര്‍ന്നതോടെയാണ് വിജിലന്‍സ് പരിശോധന കശനമാക്കിയത്. ‘ഓപ്പറേഷന് ബ്രഷ്ട് നിര്‍മൂലന്‍’ എന്നപേരിലാണ് പരിശോധന നടത്തിയത്.