ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ നടക്കുന്നത് ബ്രാഹ്മണാധിപത്യമാണെന്ന് മലയാളിയായ അസിസ്റ്റന്റ് പ്രൊഫസർ വിപിൻ പുതിയേടത്ത്. രാജി പിൻവലിച്ച് മദ്രാസ് ഐഐടിയിൽ തിരിച്ചെത്തിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. മദ്രാസ് ഐ.ഐ.ടിയിലെ ജാതിവെറിയെത്തുടർന്ന് ജൂലൈ 1-നാണ് വിപിൻ രാജിക്കത്ത് നൽകുന്നത്.
കടുത്ത ജാതി വിവേചനമാണ് മദ്രാസ് ഐ.ഐ.ടിയിൽ നിലനിൽക്കുന്നത്. കുട്ടികൾക്കിടയിൽ പോലും ജാതിവെറി നിലനിൽക്കുന്നുണ്ട്. ചില പ്രൊഫസർമാരുടെ മക്കൾക്കൊപ്പം മറ്റു ചില പ്രൊഫസർമാരുടെ മക്കൾ കളിക്കാൻ കൂട്ടാക്കില്ല. കുട്ടികൾക്കിടയിൽ പോലും അയ്യരാണോ അയ്യങ്കാരാണോ എന്ന ചോദ്യം പരസ്പരം ചോദിക്കുന്ന സാഹചര്യമാണ്. ഇവിടെ അധികാരം മുഴുവനും കൈയടക്കി വെച്ചിരിക്കുന്നത് ഒരു വിഭാഗം മാത്രമാണെന്ന് വിപിൻ പറയുന്നു.
ഇതുവരെയായി മദ്രാസ് ഐ.ഐ.ടിയിൽ ഡയറക്ടർമാരായി വന്നത് ബ്രാഹ്മണർ മാത്രമാണ്. ഡീൻമാരിൽ ഭൂരിപക്ഷം പേരും ബ്രാഹ്മണരാണ്. ജാതി മാത്രം പരിഗണിച്ചാണ് വിദ്യാർത്ഥികൾക്ക് പല ശിക്ഷാ വിധികൾ പോലും നൽകുന്നത്. ജാതിമാത്രം പരിഗണിച്ച് തന്നെ തഴഞ്ഞുവെന്നും മദ്രാസ് ഐ.ഐ.ടിയിലെ അവസരങ്ങൾ ബ്രാഹ്മണർക്ക് മാത്രമാണെന്നും വിപിൻ കൂട്ടിച്ചേർത്തു.
2019 മാർച്ചിലാണ് വിപിൻ മദ്രാസ് ഐ.ഐ.ടിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ കയറുന്നത്. എന്നാൽ ബ്രഹ്മണാധിപത്യമാണ് ഇവിടെ നിലനിൽക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് 2021 ജൂലൈ മാസത്തിൽ രാജിക്കത്ത് നൽകിയത്. ഇതിന് പിന്നാലെ ജാതി വിവേചനം ചൂണ്ടിക്കാട്ടിക്കൊണ്ട് ദേശീയ ഒ.ബി.സി കമ്മീഷന് പരാതി നൽകി.
ഇപ്പാൾ രാജി പിൻവലിച്ച് വീണ്ടും ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് വിപിൻ പുതിയേടത്ത്.
Content Highlight: Caste discrimination in madras iit; vipin puthiyedath file a complaint to National OBC Commission