മലപ്പുറം: എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി നൽകി വനിതാ നേതാക്കൾ. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പത്തോളം സംസ്ഥാന ഭാരവാഹികളാണ് സംസ്ഥാന പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
സ്ത്രീവിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് പരാതി.
എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയുംദുരാരോപണങ്ങൾ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയാണെന്ന് വനിതാ നേതാക്കൾ പറയുന്നു.
എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ്,മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൾ വഹാബ് തുടങ്ങിയവർക്കെതിരെയാണ് പരാതി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എംഎസ്എഫിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലേക്കെത്തിയിരിക്കുന്നത്.
മുസ്ലിംലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ നേതാക്കൾ സമീപിച്ചിരിക്കുന്നത്.