തിരുവനന്തപുരം
ഡിസിസി പ്രസിഡന്റ് നിയമനത്തിന് എ, ഐ ഗ്രൂപ്പുകൾ നൽകിയ പട്ടിക വെട്ടാൻ ഡൽഹിയിൽ നീക്കം. രമേശ് ചെന്നിത്തലയുടെ ദേശീയപദവിയും ത്രിശങ്കുവിൽ. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കിയതിന് സമാശ്വാസമായാണ് ചെന്നിത്തലയ്ക്ക് രാഹുൽ ഗാന്ധി പുതിയ പദവി വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല നൽകുമെന്നായിരുന്നു ശ്രുതി. പിന്നീട് ഹൈക്കമാൻഡിൽനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. അഴിച്ചുപണിയിൽ ചെന്നിത്തലയുടെ ‘ചവിട്ടിപ്പിടിത്തം’ ഇത് മൂലമാണെന്ന പ്രചാരണം ശക്തമാണ്.
ഗ്രൂപ്പുകൾക്കുള്ളിലെ തർക്കം മുതലെടുത്ത് പട്ടികയിൽ കത്തിവയ്ക്കാനുള്ള തന്ത്രത്തിന് കെ സുധാകരനും വി ഡി സതീശനും ചേർന്ന് രൂപം നൽകി. ഗ്രൂപ്പുകളുടെ പട്ടികയുമായി ഡൽഹിയിൽ എത്തിയ കെ സുധാകരൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഇടങ്കോലിട്ട് നിൽക്കുന്ന ചില എംപിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡൽഹിയിലെത്തും. തുടർന്ന് ഇരുവരുടെയും യോജിച്ച നീക്കത്തിന് വേഗമേറും. ചർച്ച ഡൽഹിയിലേക്ക് മാറിയതോടെ ഡിസിസി പ്രസിഡന്റ് പദം ലക്ഷ്യമിട്ട പലരും നിരാശരാണ്. തിരുവനന്തപുരത്ത് പട്ടികയിലുള്ള മുൻ എംഎൽഎ ടി ശരത്ചന്ദ്രപ്രസാദ് ആത്മഹത്യാ ഭീഷണി ആവർത്തിച്ചതായാണ് വിവരം.
കെ സുധാകരനും വി ഡി സതീശനും കെ സി വേണുഗോപാലും സ്വന്തം നോമിനികളെ ഉൾക്കൊള്ളിക്കാനുള്ള തിരക്കിലാണ്. എ, ഐ ഗ്രൂപ്പിന് അഞ്ച് ജില്ല വീതവും ബാക്കി കെ സുധാകരനടക്കമുള്ളവർ വീതിച്ചെടുക്കാനുമാണ് സാധ്യത. കണ്ണൂരിൽ കെ സുധാകരനും എറണാകുളത്ത് വി ഡി സതീശനും ആലപ്പുഴയിൽ കെ സി വേണുഗോപാലും നോമിനികളെ നിർദേശിച്ചു. വയനാട് വനിതയ്ക്കാണ്. കോട്ടയം അടക്കമുള്ള ജില്ലയിൽ എ ഗ്രൂപ്പിൽ തർക്കം രൂക്ഷമാണ്. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് സ്വന്തം നോമിനിക്കായി പിടിമുറുക്കി.