കൊച്ചി
ഭൂമിവിൽപ്പന കേസിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരിക്കെതിരായ പരാതികൾ നിലനിൽക്കുമെന്ന് ഹൈക്കോടതി. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ആരോപിക്കുന്ന പരാതിയിലുള്ള കേസുകൾ റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതികളിലെ കേസുകൾ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ആവശ്യം കോടതി തള്ളി. വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് പി സോമരാജൻ പരിഗണിച്ചത്.
കാനോനിക നിയമം അനുസരിച്ചാണ് സഭാഭരണമെന്നും ഭൂമി വിൽക്കാൻ തനിക്ക് അധികാരമുണ്ടെന്നുമുള്ള കർദിനാളിന്റെ വാദം കോടതി നിരസിച്ചു. കാനോനിക നിയമം അനുസരിച്ച് ആത്മീയവും ഭൗതികവുമായ കാര്യങ്ങളിൽ അധികാരമുണ്ടെങ്കിലും ഭൂമിവിൽപ്പനപോലുള്ള കാര്യങ്ങളിൽ പൊതുനിയമം ബാധകമാണ്. ഭൂമിവിൽപ്പനയിൽ ബൈലോ പാലിച്ചിട്ടില്ലെന്ന പരാതിക്കാരുടെ ആരോപണത്തിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു.
എറണാകുളം, മരട്, കാക്കനാട് കോടതികളിലാണ് ആലഞ്ചേരിയെ എതിർകക്ഷിയാക്കി പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ജോഷി വർഗീസ് അടക്കമുള്ള സഭാംഗങ്ങൾ സ്വകാര്യ അന്യായം സമർപ്പിച്ചത്. മെഡിക്കൽ കോളേജിന്റെ കടം വീട്ടാൻ 90 കോടിയുടെ ഭൂമി ഇടനിലക്കാർവഴി വിറ്റത് സഭയ്ക്ക് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി.
സഭ കൈമാറിയത്
സർക്കാർ ഭൂമിയോ;
അന്വേഷിക്കണം
സിറോ മലബാർ സഭ കൈമാറിയത് സർക്കാർ ഭൂമിയാണോ എന്ന് സംശയമുണ്ടെന്ന് ഹൈ
ക്കോടതി. ഇക്കാര്യം സർക്കാറും പൊലീസും അന്വേഷിച്ച് സെ
പ്തംബർ 25നകം പ്രത്യേകം റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. ഭൂമി എങ്ങനെ കിട്ടിയെന്നതിൽ വ്യക്തതയില്ലെന്നും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥരുടെ അറിവോ വീഴ്ചയോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
സഭാഭൂമി ഇടപാട്: 3.5 കോടി
പിഴയൊടുക്കണം
സിറോ മലബാർ സഭാ ഭൂമി ഇടപാട് കേസിൽ എറണാകുളം–-അങ്കമാലി അതിരൂപത 3.5 കോടി രൂപ പിഴയൊടുക്കണമെന്ന് ആദായനികുതിവകുപ്പ്. ഭൂമിയിടപാടിൽ വൻ നികുതിവെട്ടിപ്പ് നടന്നെന്നാണ് ആദായനികുതിവകുപ്പിന്റെ റിപ്പോർട്ട്.
സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് എടുത്ത 58 കോടി രൂപ തിരിച്ചടയ്ക്കാനാണ് സഭയുടെ ഭൂമി വിറ്റത്. കടം തിരിച്ചടയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങി. ഇതിലെ പണമിടപാടിന് കൃത്യമായ രേഖകളില്ല. യഥാർഥ വില മറച്ചുവച്ചായിരുന്നു ഇടപാടുകൾ. ഇടനിലക്കാരനായ സാജു വർഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചുവിറ്റു. യഥാർഥ വിലയല്ല അതിന്റെ രേഖകളിലും കാണിച്ചത്. വൻ നികുതിവെട്ടിപ്പാണ് നടന്നത്. അതിരൂപതയുടെ അക്കൗണ്ടിലെ പണം വകമാറ്റിയാണ് ഇടപാടുകൾ നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.