തിരുവനന്തപുരം
സഹകരണ സംഘങ്ങളിലെ തട്ടിപ്പ് തടയാൻ ഓഡിറ്റ് സംവിധാനം സമഗ്രമായി അഴിച്ചുപണിയും. സഹകരണ ഓഡിറ്റ് വിഭാഗം ഡയറക്ടറായി ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിനെ നിയമിക്കും. ഈ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ സേവനം വിട്ടുതരണമെന്ന് സി ആൻഡ് എജിയോട് കത്തിലൂടെ ആവശ്യപ്പെട്ടതായി മന്ത്രി വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.
ഓരോ സംഘത്തിന്റെയും ഓഡിറ്റിന് മൂന്നംഗ സമിതിയെ നിയോഗിക്കും. നിലവിൽ ഒരു ഓഡിറ്ററാണുള്ളത്. ഓഡിറ്റ് പ്രവർത്തനം നിരീക്ഷിക്കാൻ സംസ്ഥാനതലത്തിൽ കോ–-ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിങ് ഇൻഫർമേഷൻ സിസ്റ്റം വരും. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ ഐടി സംയോജന പ്രവർത്തനം ത്വരിതപ്പെടുത്തും. ഇതിലൂടെ സംഘങ്ങളുടെ ഓൺലൈൻ പരിശോധനയും തിരുത്തലും സാധ്യമാക്കും.
സഹകരണ വിജിലൻസിനെയും ശക്തിപ്പെടുത്തും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും ചുമതല. നിലവിൽ മൂന്ന് മേഖലാതലത്തിൽ ഡിവൈഎസ്പിമാർക്കാണ് ചുമതല. ഓഡിറ്റും പരിശോധനയും കർക്കശമാക്കാൻ വ്യവസ്ഥ ഉൾക്കൊള്ളിച്ച് സഹകരണ നിയമവും ചട്ടങ്ങളും ഭേദഗതി ചെയ്യും. കരുവന്നൂരിലെ ക്രമക്കേടുകളിൽ ക്രൈംബ്രാഞ്ച്, സഹകരണ വകുപ്പ്, വിജിലൻസ് അന്വേഷണം ഉറപ്പാക്കി. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിന്റെ രണ്ടാംദിനം ഭരണസമിതിയെ പുറത്താക്കി. സംഘത്തിലെ ഏഴു ജീവനക്കാരെയും വകുപ്പിലെ ഉന്നതരടക്കം 16 പേരെയും സസ്പെൻഡ് ചെയ്തു.
നിക്ഷേപകർക്ക് പണം നഷ്ടപ്പെടാതിരിക്കാൻ പാക്കേജ് നടപ്പാക്കും. ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തുകയാണ്. മിച്ച നിധിയുള്ള സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച്, നിക്ഷേപ ഗ്യാരന്റി പദ്ധതിയുമായി സഹകരിച്ച് എല്ലാ നിക്ഷേപകർക്കും പണം മടക്കി നൽകും. ആവശ്യമെങ്കിൽ കേരളബാങ്ക് സഹായവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.