ന്യൂഡൽഹി
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വീണ്ടും തെളിഞ്ഞത് ബിജെപി സർക്കാരിന്റെ ജനാധിപത്യവിരുദ്ധത. പാർലമെന്റിനെ അർഥപൂർണമായ സംവാദവേദിയാക്കണമെന്ന അടിസ്ഥാനതത്വം സർക്കാർ വലിച്ചെറിഞ്ഞു. 20 ബില് ഇരുസഭയും കടത്തിയത് ചര്ച്ച ഇല്ലാതെ. ഒരു ബിൽ പാസാക്കാൻ എട്ട് മിനിറ്റ് വേണ്ടിവന്നില്ല. രാജ്യസഭയിൽ ജനറൽ ഇൻഷുറൻസ് സ്വകാര്യവൽക്കരണ ബിൽ പാസാക്കാന് കൈക്കരുത്തും ഉപയോഗിച്ചെന്ന ഗുരുതര വെളിപ്പെടുത്തലും വരുന്നു.
മോഡി സർക്കാർ വന്നശേഷം ഏറ്റവും പ്രവർത്തനക്ഷമത കുറഞ്ഞ സമ്മേളനമാണ് അവസാനിച്ചത്. രാജ്യസഭയുടെ പ്രവർത്തനക്ഷമത 28 ശതമാനവും ലോക്സഭയുടേത് 22 ശതമാനവും. 74 മണിക്കൂറും 46 മിനിറ്റും ലോക്സഭയില് നഷ്ടപ്പെട്ടു. രാജ്യസഭയ്ക്ക് നഷ്ടം 76 മണിക്കൂർ 26 മിനിറ്റ്. പെഗാസസ്, കർഷക പ്രക്ഷോഭം, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവ ചര്ച്ച ചെയ്യില്ലെന്ന കേന്ദ്രത്തിന്റെ കടുംപിടിത്തമാണ് ഇതിനു കാരണം. ബില് വ്യവസ്ഥകളൊന്നും സഭയില് പരിശോധിക്കപ്പെട്ടില്ല.ഇൻഷുറൻസ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി. പ്രതിരോധ നിർമാണമേഖലയിലെ ജീവനക്കാരുടെ പണിമുടക്ക് നിരോധനം, നികുതി നിയമ ഭേദഗതി, എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഭേദഗതി, ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ ഭേദഗതി, ലിമിറ്റഡ് ലയബലിറ്റി പാർട്ട്ണർഷിപ് ഭേദഗതി, പാപ്പർ– -കടബാധ്യത കോഡ് ഭേദഗതി, ഉൾനാടൻ ജലയാന ബില്, നാളികേര വികസനബോർഡ്, ഫാക്ടറിങ് റഗുലേഷൻ എന്നിവയാണ് ചർച്ചകൂടാതെ പാസാക്കിയ മറ്റ് ചില നിയമങ്ങള്.