തിരുവനന്തപുരം
ഭാരതപ്പുഴയുടെ ജലവിനിയോഗത്തിനും ജലസംഭരണികളുടെ സംയോജിത പ്രവർത്തനത്തിനുമായി നദീതട നിയന്ത്രണപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. പ്രളയവും വരൾച്ചയും നിയന്ത്രിക്കാനും വേനലിൽ പുഴയിലേക്ക് നീരൊഴുക്ക് ഉറപ്പാക്കാനുമാണ് ഇത്.
പാലക്കാട് ഐഐടിയെയും എൻജിനിയറിങ് കോളേജുകളെയും പങ്കെടുപ്പിച്ച് സംയുക്തമായി പദ്ധതി നടപ്പാക്കാനുള്ള ശുപാർശ പരിശോധിക്കുന്നു. നീരൊഴുക്കിന് തടസ്സമായിരുന്ന തവനൂർ ബ്രഹ്മക്ഷേത്രത്തിനും തൃക്കണ്ണാപുരം പമ്പുഹൗസിനും ഇടയിലുള്ള പ്രദേശത്തെ ചെളിയും മറ്റും നീക്കംചെയ്തു. പ്രളയത്തെത്തുടർന്ന് തടയണകളിലും റഗുലേറ്ററുകളിലും അടിഞ്ഞ ചെളിയും എക്കലും മണലും നീക്കൽ തുടരുകയാണെന്നും പി മമ്മിക്കുട്ടിയുടെ ഉപക്ഷേപത്തിന് മന്ത്രി മറുപടി നൽകി.