തിരുവനന്തപുരം
കേരളത്തിൽ വ്യവസായം വരരുതെന്ന് ആഗ്രഹിക്കുന്ന ലോബി ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. തന്റെ പ്രസംഗത്തിന്റെ ചില ഭാഗംമാത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാൻ രൂപീകരിച്ച കെ സി സണ്ണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകും.
ജീവിതശൈലീ രോഗങ്ങൾക്കുള്ള എല്ലാ മരുന്നും ഇവിടെ ഉൽപ്പാദിപ്പിക്കും. ഇതിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ, വ്യവസായ സെക്രട്ടറിമാരുടെ രണ്ടംഗ കമ്മിറ്റി രൂപീകരിച്ചു. ചേർത്തല കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ അർബുദ ചികിത്സയ്ക്കുള്ള മരുന്ന് ഉൽപ്പാദനം ആരംഭിച്ചിട്ടുണ്ട്.
കൃത്രിമപ്പല്ല്, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കാൻ പ്രത്യേക ഫാർമസ്യൂട്ടിക്കൽ പാർക്ക് കിൻഫ്രയിൽ ആരംഭിക്കും. മട്ടന്നൂരിൽ വ്യവസായ പാർക്കിനുള്ള ആക്ഷൻ പ്ലാൻ തയ്യാറായെന്നും ഉത്തരവാദിത്ത വ്യവസായങ്ങൾക്ക് നക്ഷത്ര പദവി നൽകുമെന്നും മന്ത്രി പറഞ്ഞു.
ഇ–-ഓട്ടോ പ്രതിസന്ധിയിലല്ല
ഇ-–-ഓട്ടോ പദ്ധതി പ്രതിസന്ധിയിലല്ലെന്നും ഡീലർഷിപ് ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വിറ്റ ഒരു ഓട്ടോയും പ്രവർത്തിക്കാതെ വന്നിട്ടില്ല. 22 ഓട്ടോ നേപ്പാളിലേക്ക് അയച്ചു. കൂടുതൽ രാജ്യങ്ങളിൽനിന്ന് അന്വേഷണം വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.