മ്യൂണിക്
സ്പാനിഷ്, ജർമൻ ഫുട്ബോൾ ലീഗുകൾക്ക് ഇന്ന് തുടക്കം. ജർമനിയിൽ ആദ്യ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ബൊറൂസിയ മൊൺചെൻഗ്ലാദ്ബയെ നേരിടും. രാത്രി 12നാണ് മത്സരം. പരിക്കിന്റെ പിടിയിലാണ് ബയേൺ. പ്രതിരോധക്കാരായ ബെഞ്ചമിൻ പവാർദും ലൂക്കാസ് ഹെർണാണ്ടസും വിശ്രമത്തിലാണ്. പരിചയസമ്പന്നനായ ഡേവിഡ് അലാബ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതും തിരിച്ചടിയാണ്. അൽഫോൻസോ ഡേവിയെസിനാകും പ്രതിരോധത്തിന്റെ ചുമതല. ഗോളടിക്കാരൻ റോബർട് ലെവൻഡോവ്സ്കിയിലാണ് ഇത്തവണയും ബയേണിന്റെ എല്ലാ പ്രതീക്ഷകളും.
ബൊറൂസിയ ഡോർട്ട്മുണ്ട് നാളെ ഐൻട്രാക്ട് ഫ്രാങ്ക്ഫുർട്ടുമായി ഏറ്റുമുട്ടും. വലെൻസിയ–ഗെറ്റഫെ മത്സരത്തോടെയാണ് സ്പാനിഷ് ലീഗിന് പന്തുരുളുന്നത്. നാളെ റയൽ മാഡ്രിഡിന് അലാവെസാണ് എതിരാളി. ഞായറാഴ്ച ബാഴ്സലോണ റയൽ സോസിഡാഡിനെയും നിലവിലെ ചാമ്പ്യൻമാരായ അത്–ലറ്റികോ മാഡ്രിഡ് സെൽറ്റ വിഗോയെയും നേരിടും.