കോഴിക്കോട്: കേലാട്ടുകുന്ന് കോളനി നിവാസികൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി മൂന്ന് സെന്റ് ഭൂമിയും ഫ്ളാറ്റും നൽകാൻ തീരുമാനിച്ചു. കോളനിയിലെ 15 കൈവശക്കാർക്ക് മൂന്ന് സെന്റ് ഭൂമിയും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടും അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
കോഴിക്കോട് താലൂക്കിൽ നെല്ലിക്കോട് വില്ലേജിൽ പൊതുമരാമത്ത് വകുപ്പിന്റെ കൈവശത്തിലുള്ള 1.20 ഏക്കർ ഭൂമിയിൽ നിന്നുമാണ് കുടുംബങ്ങൾക്ക് ഭൂമി നൽകുക. ഇതോടു കൂടി കേലാട്ടുകുന്ന് കോളനി നിവാസികളുടെ ദുരിതപൂർണമായ ജീവിതത്തിന് അറുതിയാവും. സ്വന്തമായി ഭൂമിയും അടച്ചുറപ്പുള്ള വീടും സ്വപ്നം കണ്ട ഇവർക്ക് ഇനി ആശ്വാസത്തോടെ ജീവിക്കാം. ശൗചാലയം, കുടിവെള്ളം, വൈദ്യുതി കണക്ഷൻ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളും കോളനിക്കാർക്ക് ലഭിക്കും.
റോഡ് വികസനത്തിനായി സ്ഥലം ഒഴിഞ്ഞ് കൊടുത്ത് ഒടുവിൽ മൊട്ടക്കുന്നിൽ കാലങ്ങളായി കഴിയേണ്ടി വന്ന കേലോട്ടുകുന്നുകാരെ കുറിച്ച് മാതൃഭൂമി ഡോട്കോം നിരവധി തവണ വാർത്തകളും വീഡിയോയും നൽകിയിരുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുണ്ടാവുകയും പലർക്കും വൈദ്യുതിയടക്കമുള്ള സൗകര്യങ്ങളും റേഷൻ കാർഡുമടക്കം അനുവദിച്ച് കിട്ടുകയും ചെയ്തിരുന്നു. വീടിനായുള്ള കാത്തിരിപ്പിനൊടുവിലാണ് കുറെ പാവപ്പെട്ടവരുടെ പ്രശ്നത്തിന് പരിഹാരമാവുന്നത്.
കോർപ്പറേഷൻ റോഡിൽ നിന്ന് നാലടി വീതിയുള്ള 20 മീറ്റർ വഴി സ്ഥലത്തേക്കുണ്ട്. ഭൂമി പ്ലോട്ട് തിരിച്ച് ആവശ്യമായ വഴി സൗകര്യം നൽകും. 19 കുടുംബങ്ങളിൽ ശേഷിക്കുന്ന നാല് കുടുംബങ്ങളെ തുടർ വർഷങ്ങളിലെ പദ്ധതിയിലുൾപ്പെടുത്തി സ്ഥലത്തു തന്നെ പുനരധിവസിപ്പിക്കും. ബാക്കി വരുന്ന ഭൂമി സർക്കാറിന്റെ ലൈഫ് പദ്ധതിക്കായി പരിഗണിക്കും. വിവിധ പദ്ധതികളിൽ ഉൾപ്പെട്ട 14 കുടുംബങ്ങൾ കോളനിയിലുണ്ട്. അവയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ആറ് കുടുംബങ്ങളുമുണ്ട്.
പട്ടികജാതി, പിന്നാക്ക സമുദായങ്ങളിൽ ഉൾപ്പെട്ട 19 കുടുംബങ്ങളാണ് 20 വർഷത്തിലധികമായി ഇവിടെ താമസിച്ചു വരുന്നത്. കൈവശ രേഖകളില്ലാത്തതിനാൽ ഇവർക്ക് റേഷൻ കാർഡോ വൈദ്യുതി കണക്ഷനോ വാട്ടർ കണക്ഷനോ കോർപറേഷൻ ഓഫീസിൽ നിന്നുള്ള ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല.
ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കോളനി നിവാസികളുടെ ശോചനീയാവസ്ഥ സർക്കാറിനെ ബോധ്യപ്പെടുത്തിയത് നടപടികൾ വേഗത്തിലാക്കാൻ സഹായകമായി.
ലൈഫ് പദ്ധതിയിലൂടെ വീടുകൾ നിർമ്മിച്ചു നൽകുന്നതുവരെ താമസത്തിന് താൽക്കാലിക സൗകര്യം ഒരുക്കണമെന്നും ശേഷിക്കുന്ന ഭൂമി പൊതു ഇടമായി നിലനിർത്തുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.