കാബൂൾ > മൂന്ന് മാസത്തിനുള്ളിൽ തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചടക്കുമെന്ന അമേരിക്കൻ ഇന്റലിജൻസ് മുന്നറിയിപ്പിന് പിന്നാലെ തലസ്ഥാനത്തുനിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗസ്നിയും കീഴടക്കി ഭീകരർ. തന്ത്രപ്രധാന നഗരമായ ഗസ്നിയുടെ നിയന്ത്രണം നഷ്ടമാകുന്നത് അഫ്ഗാൻ സൈന്യത്തെ കൂടുതൽ പ്രതിരോധത്തിലാക്കും. ഇവിടെ സേനയും ഭീകരരും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ സൈന്യത്തിന് നിയന്ത്രണം നഷ്ടമാകുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഗസ്നി. ഗവർണറുടെ ഓഫീസ്, പൊലീസ് ആസ്ഥാനം, ജയിൽ തുടങ്ങി നഗരത്തിലെ പ്രധാന ഓഫീസുകളുടെ നിയന്ത്രണം ഭീകരർ ഏറ്റെടുത്തു. ഇതിനിടെ കാണ്ഡഹാർ ജയിൽ പിടിച്ചെടുത്ത ഭീകരർ മുഴുവൻ കുറ്റവാളികളെയും മോചിപ്പിച്ചിരുന്നു. ജയിലുകളിലുള്ള ഭീകരരായ തടവുകാരെ മോചിപ്പിച്ച് താലിബാന്റെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്നതായി വർത്തകൾ വന്നിരുന്നു. ജയിൽ അധികൃതർ താലിബാന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ബദാക്ഷൻ, ബഘ്ലാൻ പ്രവിശ്യാ തലസ്ഥാനങ്ങൾകൂടി പിടിച്ചെടുത്തിരുന്നു. കാബൂളിന് വടക്കുള്ള ബഗ്രാം വ്യോമതാവളത്തിലേക്ക് താലിബാൻ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇവിടെ നൂറുകണക്കിന് സൈനികരാണ് താലിബാന് കീഴടങ്ങിയത്. ബദാക്ഷൻ പ്രവിശ്യാ തലസ്ഥാനം ഫൈസാബാദ് കൂടി കീഴ്പ്പെടുത്തിയതോടെ അഫ്ഗാന്റെ വടക്കുകിഴക്കൻ മേഖല പൂർണമായും താലിബാൻ അധീനതയിലായി. 1996 മുതൽ 2001 വരെ രാജ്യം താലിബാന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും വടക്കൻ മേഖലയെ വരുതിയിലാക്കാൻ കഴിഞ്ഞിരുന്നില്ല. തജികിസ്ഥാൻ, പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയാണ് ബദാക്ഷൻ. ഉസ്ബെക്കിസ്ഥാൻ, ഇറാൻ എന്നിവയുടെ അതിർത്തിയിലുള്ള പ്രദേശങ്ങളും താലിബാൻ കൈയടക്കിയതോടെ ഈ രാജ്യങ്ങളിലും ആശങ്ക ശക്തമാണ്.
പ്രസിഡന്റ് അഷ്റഫ് ഗനി താലിബാൻ കീഴടക്കിയ മസാരി ഷരീഫിൽ ബുധനാഴ്ച വ്യോമസന്ദർശനം നടത്തിയിരുന്നു. സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫിനെ മാറ്റി. ജനറൽ ഹൈബത്തുള്ള അലിയാസിയായിരിക്കും ഇനി ചീഫ് ഓഫ് സ്റ്റാഫ്. ധനമന്ത്രിയുടെ ചുമതലയുള്ള ഖാലിദ് പണ്ടേ രാജിവച്ച് രാജ്യം വിട്ടതായും റിപ്പോർട്ടുണ്ട്. രാജ്യത്ത് സ്ത്രികളും കുട്ടികളുമടക്കമുള്ളവരുടെ പലയനം തുടരുകയാണ്. അഫ്ഗാനിസ്ഥാനിലെ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനൊപ്പം താലിബാൻ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും തട്ടിക്കൊണ്ടുപോകുകയും നിർബന്ധിച്ച് ഭീകരർക്ക് വിവാഹം ചെയ്തുകൊടുക്കുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു.
കൈയ്യൊഴിഞ്ഞ് അമേരിക്ക
അഫ്ഗാനിസ്ഥാനിൽനിന്ന് സൈന്യത്തെ പിൻവലിച്ചതിൽ ഖേദമില്ലെന്നായിരുന്നു താലിബാൻ മുന്നേറ്റത്തെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തീരുമാനത്തിൽ മാറ്റമില്ല. അഫ്ഗാൻ നേതാക്കൾ ഒറ്റക്കെട്ടായി രാജ്യത്തിനായി പോരാടണമെന്നും ബൈഡൻ പറഞ്ഞു. താലിബാന്റെ രാഷ്ട്രീയ നേതാവ് മുല്ലാ അബ്ദുൾ ഗനി ബറാദർ അമേരിക്കയുടെ പ്രത്യേക ദൂതൻ സാൽമേ ഖലിൽസാദുമായി ചൊവ്വാഴ്ച ദോഹയിൽ ചർച്ച നടത്തിയിരുന്നെങ്കിലും. വിശദാംശങ്ങൾ ഒന്നും അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല.