കൊച്ചി: ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്ന് ഹൈക്കോടതി. ക്രമസമാധാന പ്രശ്നത്തിന്റെ പേരിൽ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല. ഉത്തരവുകൾ നടപ്പാക്കിയില്ലെങ്കിൽ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.കോട്ടയം തിരുവാർപ്പ് പള്ളിക്കേസ് വിധിന്യായത്തിനിടെയാണ് കോടതിയുടെ പരാമർശം.
തിരുവാർപ്പ് പളളി ആറാഴ്ചയ്ക്കകം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് സുരക്ഷയൊരുക്കണമെന്ന് കീഴ്ക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.
ക്രമസമാധാന പ്രശ്നമാണ് ഉത്തരവ് നടപ്പാക്കാത്ത കാരണമായി പോലീസ് പറയുന്നത്. ഇത് കോടതി അംഗീകരിക്കാൻ പോയാൽ അത് നീതിന്യായ വ്യവസ്ഥയിലെ തന്നെ കറുത്തദിനമായിരിക്കുമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പോലീസിന്റേയും ജില്ല ഭരണകൂടത്തിന്റേയും സൗകര്യം പോലെ കോൾഡ് സ്റ്റോറേജിൽ വെയ്ക്കാനുള്ളതല്ല കോടതി ഉത്തരവെന്നും കോടതി ചൂണ്ടിക്കാട്ടി.