ആറ്റിങ്ങൽ: അവനവഞ്ചേരിയിൽ വഴിയോരത്തിരുന്ന് മീൻ വിൽക്കുന്നതിനിടെ അൽഫോൺസിയയെന്ന മത്സ്യത്തൊഴിലാളിസ്ത്രീയെ നഗരസഭാജീവനക്കാർ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
അധികാരത്തിന്റെ ധാർഷ്ട്യമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സമൂഹത്തിൽ ദുരിതംഅനുഭവിക്കുന്നവരുടെ മെക്കിട്ട് കയറാൻ ആരാണ് ലൈസൻസ് നൽകിയത്, പോലീസിനെ പറഞ്ഞിട്ട് കാര്യമില്ല, പോലീസിന് ടാർജറ്റ് ഇട്ട് കൊടുത്തതാണ്. ജീവിതം ഇല്ലാതാക്കിയല്ല കോവിഡിനെ നേരിടേണ്ടത്.
ശമ്പളം കിട്ടുന്നവർ മാത്രം ജോലിക്ക് പോയാൽ മതിയോ?അൽഫോൺസിയയെ പോലെ ദിവസവും ജോലിക്ക് പോയി കുടുംബം പോറ്റുന്ന ധാരാളം പേരുണ്ട്. കേരളത്തിലേത് പോലെയുള്ള നിയന്ത്രണങ്ങൾ ലോകത്ത് എവിടെയുണ്ടെന്നും സതീശൻ ചോദിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവിനൊപ്പമെത്തി അൽഫോൺസിയയെ സന്ദർശിച്ചു.
ചൊവ്വാഴ്ച ആറ്റിങ്ങൽ അവനവഞ്ചേരിയിൽ വഴിയോരത്തിരുന്ന് മീൻവിൽക്കുന്നതിനിടെയായായിരുന്നു അൽഫോൺസിയ അധികൃതരുടെ നടപടിക്കിരയായത്. മീൻ ചരുവം പിടിച്ചുവാങ്ങുന്നതിനിടെ വീണ് അൽഫോൺസിയയുടെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്. കടലോരത്തെ രണ്ടുസെന്റിലുള്ള ചെറിയവീട്ടിലാണ് അൽഫോൺസിയയും കുടുംബവും താമസിക്കുന്നത്. ഭർത്താവ് സേവ്യർ രണ്ടുശസ്ത്രക്രിയകഴിഞ്ഞ് വിശ്രമത്തിലാണ്. മക്കളായ സജു, സജൻ, പ്രിൻസി എന്നിവരും പ്രിൻസിയുടെ ഭർത്താവും ഈ വീട്ടിലാണ് കഴിയുന്നത്. കുടുംബത്തിൽ മറ്റാർക്കും വരുമാനമില്ല.