കൊച്ചി: ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരസ്യങ്ങൾ പൊതുജനങ്ങളെ സ്വാധീനിക്കും. സ്വർണാഭരണങ്ങൾ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്. വധുവിന്റെ ചിത്രത്തിന്റെ പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങൾ ഉപയോഗിക്കാമെന്നും ഗവർണർ പറഞ്ഞു. കൊച്ചി കുഫോസിലെ വിദ്യാർഥികളുടെ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവവധു ആഭരണമണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത്. ഇതിന് മാറ്റമുണ്ടാവണം. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
കുഫോസിൽ ബിരുദധാന ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം ഗവർണർക്ക് കൈമാറി.
സ്ത്രീധനത്തിനെതിരേ നേരത്തേയും ഗവർണർ സമാനമായ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. സ്ത്രീധനത്തിനെതിരേബോധവത്കരണമെന്ന നിലയിൽ നടത്തിയ ഉപവാസത്തിലും ഗവർണർ പങ്കാളിയായിരുന്നു.
Content Highlights:Governor Arif Muhammed Khan appealed Jewelry owners to avoid photos of bride from advt.