കൊച്ചി: സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കേസുമായി ബന്ധപ്പെട്ട് ആറ് ഹർജികളാണ് ആലഞ്ചേരി നൽകിയിരുന്നത്. ഈ ആറു ഹർജികളും ഹൈക്കോടതി തള്ളി.
നേരത്തെ, തൃക്കാക്കര മജിസ്ട്രേട്ട് കോടതിയാണ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കുകയും വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയക്കുകയും ചെയ്തത്. ഇതിനെതിരെ ആലഞ്ചേരി എറണാകുളം സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. എന്നാൽ അപ്പീൽ അനുവദിക്കപ്പെട്ടില്ല.
ഇടപാടിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും ആലഞ്ചേരി കേസിൽ ഉൾപ്പെടുന്നുവെന്നും കണ്ടാണ് ഇരു കോടതികളും ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരായാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ആകെ എട്ടുകേസുകളുണ്ടെങ്കിലും തൃക്കാക്കര കോടതി സമൻസ് നൽകിയിട്ടുള്ളത് ആറു കേസുകളിലാണ്. ഇവ റദ്ദാക്കണമെന്നും വിചാരണ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്.
സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നേരത്തെ ഇൻകംടാക്സിന്റെ റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നു എന്നതുൾപ്പെടെയുള്ള പരാമർശങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
content highlights:syro malabar church land case: mar george alanchery have to face trial