തിരുവനന്തപുരം > സർക്കാർ സ്കൂളുകളിൽ കിഫ്ബിയുടെ ഒരുകോടി ധനസഹായത്തോടെയുള്ള കെട്ടിട നിർമാണങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കിഫ്ബിയുടെ 3 കോടി ധനസഹായമുള്ള സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം എസ്പിവികൾ വഴി വേഗത്തിലാക്കാനും തീരുമാനിച്ചു.
കെട്ടിടനിർമ്മാണ ചുമതല കിലക്കാണ്. ഇത്തരത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്ന 446 സ്കൂളുകളുണ്ട്. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങൾ വേഗത്തിൽ പൊളിച്ചു മാറ്റുന്നതിന് അനുമതി നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും.
കില ഡയറക്ടർ ജോയ് ഇളമൺ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു , കിഫ്ബി അഡീഷണൽ സിഇഒ സത്യജിത് രാജൻ, തദ്ദേശസ്വയംഭരണ വകുപ്പിലെ എൻജിനീയർമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.