ശ്രീഹരിക്കോട്ട > ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്- 03 യുടെ വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തില് ദൗത്യം പാളുകയായിരുന്നു. രണ്ടുതവണ മാറ്റിവച്ച വിക്ഷേപണ ദൗത്യമാണ് പരാജയപ്പെട്ടത്. ശ്രീഹരിക്കോട്ടയില് നിന്ന് ഇന്ന് രാവിലെ 5.45ന്ണ് ജിഎസ്എല്വി 10 റോക്കറ്റ് വിക്ഷേപണം നടത്തിയത്. ദൗത്യം പൂര്ണ്ണ വിജയമായിരുന്നില്ല എന്ന് ഐഎസ്ആര്ഒ അറിയിച്ചു. 2017ന് ശേഷം ആദ്യമായാണ് ഐഎസ്ആര്ഒയുടെ വിക്ഷേപണദൗത്യം പരാജയപ്പെടുന്നത്.
രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്- 03. പ്രകൃതിദുരന്തം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്കുക, ജലാശയങ്ങളുടെ സ്ഥിതി, കൃഷി, വനം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കുക തുടങ്ങിയവയായിരുന്നു ദൗത്യം. പത്തുവര്ഷമായിരുന്നു ഉപഗ്രഹത്തിന്റെ ആയുസ്സ്. ശക്തിയേറിയ ക്യാമറകള് ഉപയോഗിച്ച് ഇന്ത്യന് ഭൂപ്രദേശത്തെയും സമുദ്രത്തെയും അതിര്ത്തികളെയും തുടര്ച്ചയായി നിരീക്ഷിക്കാന് സാധിക്കുന്ന രീതിയിലായിരുന്നു ഉപഗ്രഹം.
2268 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 18 മിനിറ്റിനകം ജിഎസ്എല്വി- എഫ് 10 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തില് എത്തിക്കുമെന്നായിരുന്നു കരുതിയിരുന്നത്.