കൊച്ചി: അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി. അത്തം പിറന്നു. വീടുകൾക്കുമുന്നിൽ ഇന്നുമുതൽ പൂക്കളങ്ങളൊരുങ്ങും.
ഇപ്പോൾ പെയ്യുമെന്ന മട്ടിൽ കർക്കടകക്കരിങ്കാറുകൾ മാനത്തുള്ളപ്പോൾത്തന്നെ ഇതാ, അത്തമെത്തിയിരിക്കുന്നു. ചിങ്ങത്തിലെ ഓണനാളുകൾ കർക്കടകത്തിലേ തുടങ്ങുന്നു. അത്തംതൊട്ട് പത്താംനാൾ തിരുവോണമെന്നാണ് പറയാറ്. ഈ 10 നാളുകളെ കർക്കടകവും ചിങ്ങവും പകുത്തെടുക്കുന്നത് അത്ര അപൂർവമല്ല. ഇക്കുറി അങ്ങനെയൊരോണമാണ്.
ഈ അത്തത്തിനുമുണ്ട് ഒരു വിശേഷം. ഇക്കുറി 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നുപോകുന്നുണ്ട്. ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54 വരെ മാത്രമാണുള്ളത്. വെള്ളിയാഴ്ച രാവിലെ 8.01 വരെ അത്തം നക്ഷത്രമാണ്. അതിനാൽ വ്യാഴാഴ്ച തന്നെയാണ് അത്തം വരുന്നതെന്ന് ജ്യോതിഷരംഗത്ത് പ്രവർത്തിക്കുന്ന ശങ്കരാടിൽ മുരളി വ്യക്തമാക്കി.
ചിങ്ങപ്പിറവി 17-നാണ്. 21-നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകൾ മാത്രമാണുള്ളത്. ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും അത്തം ഘോഷയാത്രയില്ല.
ആഘോഷം നിയന്ത്രണങ്ങളോടെ
കോവിഡ് ജാഗ്രതയുടെ നിയന്ത്രണങ്ങൾക്കിടയിലെത്തുന്ന രണ്ടാമത്തെ ഓണക്കാലമാണിത്. പുത്തനുടുപ്പുകളും പൂപ്പൊലിമയും ഉത്സവാന്തരീക്ഷവും സദ്യവട്ടങ്ങളും ഒക്കെ നിറയുന്ന ഓണക്കാലത്തിൽനിന്ന് ഏറെ വ്യത്യസ്തം. ഓണത്തിരക്കിൽ രോഗവ്യാപനമുണ്ടാവാതിരിക്കാനുള്ള ജാഗ്രതയിലാണ് എല്ലാവരും. ഓണത്തിനുണരുന്ന വിപണിയുടെ ഉന്മേഷത്തിൽ ഒരു വർഷത്തെ ജീവിതം പൊലിപ്പിക്കാൻ കാത്തിരുന്നവർക്ക് ഇക്കുറിയും നിരാശയാണ് ബാക്കി.