തിരുവനന്തപുരം
വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കാൻ കേന്ദ്ര നിർദേശം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. കൂടുതൽ വാക്സിൻ ലഭ്യമായില്ലെങ്കിൽ ഇടവേള കുറയ്ക്കാനാവില്ല. ആദ്യഡോസ് വാക്സിനെടുത്തവരിൽ കോവിഡ് വ്യാപനം ശക്തമാകുന്നതിനാൽ ഇടവേള കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് തെറ്റാണ്. കേരളം 50 മുതൽ 90 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെടുമ്പോൾ കേന്ദ്രം അനുവദിക്കുന്നത് അഞ്ചുമുതൽ ആറുലക്ഷംവരെ ഡോസ് മാത്രമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രണ്ടാം ഡോസിനുള്ള ഇടവേള കോവിഷീൽഡ് രണ്ടാംഡോസ് 84 ദിവസത്തിനുശേഷവും കോവാക്സിൻ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷവും വിതരണം ചെയ്യണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശമാണ് കേരളം പാലിക്കുന്നത്.
50ശതമാനത്തിലധികം പേരും രോഗസാധ്യതയുള്ളവരായതിനാൽ എത്രയും വേഗം കൂടുതൽ വാക്സിൻ നൽകി കേരളത്തിൽ സാമൂഹ്യ പ്രതിരോധശേഷി ഉറപ്പാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
126 കോടി അനുവദിച്ചു
സ്വകാര്യ ആശുപത്രികൾക്ക് 20 ലക്ഷം ഡോസ് വാക്സിൻ വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 126 കോടി രൂപ അനുവദിച്ചു. പത്ത് ലക്ഷം ഡോസ് വീതം രണ്ടുതവണയായാണ് ലഭ്യമാകുക. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖാന്തരം സെറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കോവിഷീൽഡ് വാക്സിനാണ് വാങ്ങുന്നത്. സംസ്ഥാന സർക്കാർ വാങ്ങുന്ന വാക്സിൻ നിശ്ചയിക്കപ്പെട്ട നിരക്കിൽ സ്വകാര്യ ആശുപത്രികൾ വിതരണം ചെയ്യും.