തിരുവനന്തപുരം
വിനോദ സഞ്ചാരമേഖല തുറന്നതോടെ പുരവഞ്ചി ജീവനക്കാരും ആഹ്ലാദത്തിൽ. ഓണക്കാലത്ത് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. ‘ബയോബബിൾ’ (ജൈവ കവചം) വ്യവസ്ഥയിൽ പുരവഞ്ചിയിൽ താമസം അനുവദിക്കും.
സർക്കാർ നടപ്പാക്കുന്ന റിവോൾവിങ് ഫണ്ട് പദ്ധതിയും പുരവഞ്ചി ജീവനക്കാർക്ക് ആശ്വാസമാകും. ബാങ്കേഴ്സ് സമിതിയുമായി സഹകരിച്ച് ടൂറിസം വർക്കിങ് ക്യാപിറ്റൽ സ്കീം, വിനോദസഞ്ചാര മേഖലയിലെ ജീവനക്കാർക്ക് കേരള ബാങ്കു വഴി 30,000 രൂപവരെയുള്ള വായ്പ എന്നിവ ടൂറിസം വകുപ്പ് നടപ്പാക്കി. ഒറ്റത്തവണ ധനസഹായ പദ്ധതിയായ ടൂറിസം ഹൗസ് ബോട്ട് സപ്പോർട്ട് സ്കീമും നടപ്പാക്കിയിരുന്നു. ഇതുവഴി 261 പുരവഞ്ചികൾക്ക് സഹായധനമായി 1,60,80,000 രൂപ അനുവദിച്ചു. പദ്ധതി ഈ വർഷവും തുടരും.