തിരുവനന്തപുരം
കുട്ടനാടിന്റെ പേരിൽ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് അടിയന്തരപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം പരുങ്ങലിലായി. ഇല്ലാക്കഥകൾക്കെതിരെ ആലപ്പുഴയിലെ എംഎൽഎമാർ പ്രതിഷേധിച്ചതോടെ സഭയിൽ ബഹളമായി. ഉത്തരംമുട്ടിയതോടെ, വ്യക്തിപരമായ ആക്ഷേപങ്ങളിലേക്കും പ്രതിപക്ഷനേതാവ് കടന്നു. മുമ്പ് ചർച്ചചെയ്ത വിഷയം വീണ്ടും കൊണ്ടുവന്നതിന്റെ അനൗചിത്യം സ്പീക്കർ ചൂണ്ടിക്കാട്ടി.
ഒഴുക്ക് തടസ്സപ്പെടുന്നതാണ് കുട്ടനാട്ടിലെ പ്രധാന പ്രശ്നമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തോട്ടപ്പിള്ളി സ്പിൽവേയിൽ ഒഴുക്കിന് തടസ്സമായ മണ്ണ് നീക്കൽ വേഗത്തിൽ നടക്കുകയാണ്. തണ്ണീർമുക്കത്ത് 90 ഷട്ടറും തുറന്നിട്ടതിനാൽ പ്രളയഭീഷണിയില്ല. കുട്ടനാട്ടിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് പഠിച്ച ഐഐടി ചെന്നൈയുടെ റിപ്പോർട്ട് കിട്ടിയാലുടൻ തുടർനടപടിയെടുക്കും. 290 കോടിയുടെ ശുദ്ധജലപദ്ധതി ഉടൻ പൂർത്തിയാക്കും. ഒന്നാം പാക്കേജിന്റെ ഭാഗമായി 16,300 ഹെക്ടർ കൃഷിയോഗ്യമാക്കി. പലായനം ചെയ്യിക്കാനല്ല ആരെങ്കിലും കുട്ടനാട്ടിൽനിന്ന് പോയിട്ടുണ്ടെങ്കിൽ അവരെ തിരിച്ചെത്തിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി പറഞ്ഞു.
പ്രമേയ നോട്ടീസ് നൽകിയ പി സി വിഷ്ണുനാഥാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചത്. ‘തങ്ങളുടെ കഞ്ഞിയിൽ പാറ്റയിടല്ലേ’ എന്നു തുടങ്ങിയ തോമസ് കെ തോമസ്, പി ജെ ജോസഫും കൊടിക്കുന്നിൽ സുരേഷും തമ്മിലുള്ള അടി കുട്ടനാട്ടിലെ പല പദ്ധതിയും മുടക്കിയെന്ന് പറഞ്ഞു. മന്ത്രിയാകാൻ പിണറായിയെ സുഖിപ്പിക്കുകയാണെന്ന് വി ഡി സതീശൻ ആക്ഷേപിച്ചു. തോമസ് കെ തോമസ് പോയിന്റ് ഓഫ് ഓർഡർ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും ആക്ഷേപകരമായതുണ്ടെങ്കിൽ പരിശോധിക്കാമെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. കുട്ടനാട്ടിലെ എൽഡിഎഫ് വിജയംതന്നെ അവിടത്തെ ജനപിന്തുണയാണെന്ന് ഭരണപക്ഷവും പറഞ്ഞു.