തിരുവനന്തപുരം
കോവിഡ് പ്രതിസന്ധിയിലും വികസന പ്രവർത്തനങ്ങൾ മുന്നേറുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. തീരദേശ ഹൈവേ പദ്ധതിയിൽ 645 കോടിയുടെ പ്രവൃത്തി കിഫ്ബി അംഗീകരിച്ചു. ഇതിൽ 32.7 കിലോമീറ്റർ റോഡും രണ്ട് പാലവുമുണ്ട്. 260 കിലോമീറ്റർ റോഡിന്റെ വിശദ പദ്ധതി രേഖ തയ്യാറാകുന്നു. 655 കിലോമീറ്റർ റോഡ് ലക്ഷ്യമിടുന്ന പദ്ധതിയുടെ അടങ്കൽ 6500 കോടിയാണ്. മലയോര ഹൈവേയിൽ 1671.19 കോടി രൂപ ചെലവിലുള്ള നിർമാണവും കിഫ്ബി അംഗീകരിച്ചു. 521 കിലോമീറ്റർ ഹൈവേയിൽ കൊല്ലം ജില്ലയിൽ 46 കിലോമീറ്ററും തിരുവനന്തപുരത്ത് 20 കിലോമീറ്ററും പൂർത്തിയായി.
പ്രവാസി ചിട്ടിയിൽ 478.42 കോടി രൂപ സമാഹരിച്ചതായും ഉപധനാഭ്യർഥന ചർച്ചയ്ക്ക് മന്ത്രി മറുപടി നൽകി. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നികുതികളിൽ നിർബന്ധിത പിരിവ് ഉണ്ടാകുന്നില്ല. മോട്ടോർ വാഹന നികുതിയും ജിഎസ്ടിയുമടക്കം അടയ്ക്കുന്ന തീയതി നീട്ടി. ജിഎസ്ടി തട്ടിപ്പ് തടയാൻ ശക്തമായ നടപടി സ്വീകരിക്കും ആഗസ്ത് 15 മുതൽ 2018ലെ ഡൽഹി പിഡബ്ല്യുഡി നിരക്ക് അനുസരിച്ചായിരിക്കും നിർമാണ ജോലികളുടെ അടങ്കൽ തയ്യാറാക്കുകയെന്നും ധനമന്ത്രി പറഞ്ഞു.