കോഴിക്കോട്
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ)ക്ക് കൈമാറിയ റോഡുകളിൽ റിപ്പയറിങ് നടത്താത്തതിന് പഴി സംസ്ഥാന സർക്കാരിന്. കാലവർഷത്തിൽ തകർന്ന ദേശീയപാതയിലെ കുഴി നന്നാക്കാത്തതിനാണ് പിഡബ്ല്യുഡിക്ക് വിമർശനം. നാലുവരി/ആറുവരി പാതകളാക്കാനായി കേന്ദ്രസർക്കാരിന് കീഴിലുള്ള എൻഎച്ച്എഐക്ക് സംസ്ഥാനത്തെ പാതകൾ വിട്ടുകൊടുത്തിരുന്നു. 2020 ജൂൺ 12നായിരുന്നു കൈമാറ്റം. എൻഎച്ച്എഐക്ക് വിട്ടുനൽകിയ പാതകളിൽ അവർ പ്രത്യേക ഫണ്ടനുവദിച്ചാലേ റിപ്പയറിങ് നടത്താനാകൂ. സംസ്ഥാന ഫണ്ട് വിനിയോഗിച്ചാൽ ഓഡിറ്റ് പ്രശ്നമടക്കം പ്രയാസങ്ങളേറെയുണ്ട്. മഴക്കാല പ്രയാസങ്ങൾ അറിയിച്ച് പിഡബ്ല്യുഡി എൻഎച്ച്എഐയോട് മുൻകൂർ ഫണ്ട് ആവശ്യപ്പെട്ടിരുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻഗഡ്കരിക്ക് കത്തയക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എൻഎച്ച്എഐ ഒരുകോടി രൂപ അനുവദിച്ചു. റിപ്പയറിങ് വർക്കിനായി ആദ്യ ടെൻഡർ നടപ്പായില്ല. തുടർന്ന് റീ ടെൻഡർ വിളിച്ചിരിക്കയാണ്. ഇത് പൂർത്തിയായാൽ അടുത്ത ദിവസം മുതൽ കുഴിയടയ്ക്കലും റിപ്പയറിങ്ങും തുടങ്ങുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.