തിരുവനന്തപുരം
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 15ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. സായുധസേനകളുടെയും സായുധമല്ലാത്ത ഘടകങ്ങളുടെയും അഭിവാദ്യം സ്വീകരിക്കും. ജില്ലകളിൽ ചുമതലപ്പെട്ട മന്ത്രിമാർ പങ്കെടുക്കും. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ രാവിലെ ഒമ്പതിനോ അതിനുശേഷമോ പതാക ഉയർത്തും. ബ്ലോക്ക് തലത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേട്ടോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റോ പതാക ഉയർത്തും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽ യഥാക്രമം പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്സൻ, മേയർ എന്നിവരും സർക്കാർ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും വകുപ്പ് മേധാവിയോ ഓഫീസ് മേധാവിയോ പതാക ഉയർത്തും.
ജില്ലകളിൽ ക്ഷണിതാക്കൾ നൂറിൽ താഴെയും തദ്ദേശസ്ഥാപന തലത്തിൽ 50ൽ താഴെയുമായിരിക്കണം. കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. കോവിഡ് മുന്നണിപ്പോരാളികളായ ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, ശുചിത്വ തൊഴിലാളികൾ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിക്കാം. സംസ്ഥാനതല ചടങ്ങിൽ ഒഴികെ ഇവരുടെ എണ്ണം 12ൽ താഴെയായിരിക്കണം. പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പങ്കെടുക്കാൻ അനുമതിയില്ല. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ദേശീയ പതാകയുടെ നിർമാണവും വിതരണവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. ചടങ്ങിൽ ഹരിതചട്ടം പാലിക്കണം.