തിരുവനന്തപുരം
ഓർഡിനൻസായി നടപ്പാക്കിയ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാല ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. മന്ത്രി പി രാജീവാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ആഗോള നിലവാരം ഉറപ്പാക്കുന്നതാണ് ഡിജിറ്റൽ സർവകലാശാല. വിവിധ തൊഴിൽ മേഖലയിൽ ഉന്നതനിലവാരമുള്ള മാനവവിഭവശേഷി സർവകലാശാലയുടെ പ്രധാന ലക്ഷ്യമാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരളയെ (ഐഐഐടികെ) ഡിജിറ്റൽ സർവകലാശാലയായി ഉയർത്തുകയായിരുന്നു. 2020 ജനുവരി 18നാണ് ഓർഡിനൻസ് ഇറക്കിയത്. സർവകലാശാല പുതിയ രീതികളെ കരുപ്പിടിപ്പിക്കുകയും അവയെ തൊഴിൽ മേഖലകളോടടക്കം ബന്ധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇതിനായി അഞ്ച് സ്കൂൾ ആരംഭിക്കും. ഇന്റഗ്രേറ്റഡ് കോഴ്സുകൾ ആരംഭിക്കും.
സർവകലാശാല പൂർണമായും സർക്കാർ ഉടമയിലായിരിക്കുമെന്നും പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിക്ക് പ്രോ ചാൻസലറാകാനാണ് പുതിയ സർവകലാശാലയെന്ന പ്രതിപക്ഷ ആരോപണം ബാലിശമാണ്. എല്ലാ നിയമനവും നിയമപ്രകാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.