കൊച്ചി
കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന പുതിയ മാർഗരേഖ മദ്യക്കടകൾക്കും ബാധകമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബിവറേജ് കോർപറേഷനെ അഞ്ചിനും പത്തിനും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. പുതിയ മാർഗരേഖ മദ്യക്കടകൾക്ക് ബാധകമാണോ എന്ന് കോടതി ആരാഞ്ഞതിനെത്തുടർന്നാണ് നിലപാടറിയിച്ചത്.
സർക്കാർ തീരുമാനം കോടതി രേഖപ്പെടുത്തി. പൊതുജനങ്ങൾക്ക് ശല്യമാകുന്നതും അടിസ്ഥാന സൗകര്യം ഇല്ലാത്തതുമായ വിൽപ്പനശാലകൾ മാറ്റി സ്ഥാപിക്കുന്നതിന് സമയക്രമം അറിയിക്കാൻ ഡിവിഷൻ ബെഞ്ചിന്റെ നിർദേശമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
പച്ചാളത്തെ ഔട്ലെറ്റ് മാറ്റി സ്ഥാപിക്കാൻ ബെവ്കോ മൂന്നുമാസംവരെ സമയം തേടിയത് കോടതി അനുവദിച്ചു. തൃശൂരിൽ ബെവ്കോ ഔട്ലെറ്റിലെ തിരക്ക് കച്ചവടത്തിന് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലെ കോടതിയലക്ഷ്യ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
സൗകര്യങ്ങളില്ലാത്ത കടകൾ മാറ്റി സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കി. മാന്യമായി മദ്യം വാങ്ങാൻ സൗകര്യം വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്കുമുന്നിലേക്ക് വിടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി.