ലോർഡ്സ്
ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ലോർഡ്സിൽ തുടക്കം. അഞ്ച് മത്സര പരമ്പരയിലെ ആദ്യകളി സമനിലയായിരുന്നു. മഴ വില്ലനായി. ലോർഡ്സിൽ കാലാവസ്ഥ അനുകൂലമാണ്. പകൽ 3.30നാണ് മത്സരം.
ഇംഗ്ലണ്ട് നിരയിൽ പരിക്കേറ്റ പ്രധാന പേസർമാരായ ജയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും കളിക്കില്ല. ഇന്ത്യൻ സംഘത്തിൽ ശർദുൾ താക്കൂറും പരിക്കിലാണ്. ആൻഡേഴ്സണും ബ്രോഡിനും പകരം മാർക് വുഡ്, ക്രെയ്ഗ് ഒവെർട്ടൺ എന്നിവരെയാകും ഇംഗ്ലണ്ട് പരിഗണിക്കുക. സാഖിബ് മഹമ്മൂദിനെ പകരക്കാരുടെ നിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുതായി ടീമിനൊപ്പം ചേർത്ത ഓൾറൗണ്ടർ മൊയീൻ അലി കളിച്ചേക്കും. ഇന്ത്യൻ നിരയിൽ ആർ അശ്വിൻ എത്തിയേക്കും.
ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇരുടീമുകളുടെയും തലവേദന. ഒന്നാം ടെസ്റ്റിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ടൊഴികെ മറ്റൊരു ബാറ്റ്സ്മാനും ഇംഗ്ലണ്ടിനായി ശോഭിച്ചില്ല. ഇന്ത്യക്കാകട്ടെ ലോകേഷ് രാഹുലും രവീന്ദ്ര ജഡേജയും മിന്നി. വിരാട് കോഹ്—ലി ഉൾപ്പെടെ മുൻനിര പതറി.
ആൻഡേഴ്സണായിരുന്നു ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. പേസറുടെ അഭാവം ഇംഗ്ലണ്ടിന് ദോഷകരമാകും. ഒന്നാം ടെസ്റ്റിൽ 209 റൺ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്ക്. നാലാംദിനം ഒന്നിന് 52ൽ അവസാനിപ്പിച്ചു. മഴ കാരണം അവസാനദിനം കളി നടന്നില്ല.