പാരിസ്
‘ജീവിതത്തിലെ ഏറ്റവും സങ്കടംനിറഞ്ഞ ദിവസങ്ങളാണ് കഴിഞ്ഞുപോയത്. എന്നാൽ ഇപ്പോൾ ഞാൻ വളരെയധികം സന്തോഷവാനാണ്. ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ് നേടുക എന്നതാണ് സ്വപ്നവും ലക്ഷ്യവും. ഒരുപാട് കിരീടങ്ങളും. പിഎസ്ജി അതിനുചേർന്ന ഇടമാണ്’–ലയണൽ മെസിക്ക് ഇപ്പോൾ ആശങ്കകളില്ല. മൂന്നുദിനംമുമ്പ് നൗകാമ്പിൽ പൊട്ടിക്കരഞ്ഞ മെസി പാരിസിൽ ആശ്വാസം കണ്ടെത്തിയിരിക്കുന്നു. ചാമ്പ്യൻസ് ലീഗിലാണ് തന്റെ നോട്ടമെന്ന് വ്യക്തമാക്കിയിരിക്കുന്നു. പിഎസ്ജിയുമായി രണ്ടുവർഷത്തേക്കാണ് മുപ്പത്തിനാലുകാരൻ കരാറിലെത്തിയത്. കഴിഞ്ഞദിവസം മെസിയുമായി ധാരണയിലെത്തിയ പിഎസ്ജി സൂപ്പർതാരത്തെ ആരാധകർക്കുമുമ്പിൽ അവതരിപ്പിച്ചു. വാർത്താസമ്മേളനവുമുണ്ടായി. പിഎസ്ജി പ്രസിഡന്റ് നാസെർ അൽ ഖലയ്ഫിനൊപ്പമാണ് മെസി മാധ്യമങ്ങളെ കണ്ടത്.
ഇതൊരു പുതിയ തുടക്കമാണെന്ന് പറഞ്ഞായിരുന്നു മെസി തുടങ്ങിയത്. കളിജീവിതത്തിലെ ആദ്യ നിമിഷത്തിലെന്നപോലെയാണ് പിഎസ്ജിയിൽ എത്തുന്നത്. അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം ഇവിടെ നേടാനാകുമെന്ന് കരുതുന്നു. അതിന് പറ്റിയ ടീമാണിത്. ബാഴ്സലോണ വിട്ടത് ഏറ്റവും പ്രയാസമുണ്ടാക്കിയ കാര്യമാണ്. എന്നാൽ ഇവിടെയെത്തിയപ്പോൾ സന്തോഷം തോന്നുന്നു. ബാഴ്സയ്–ക്കൊപ്പം നാലുവട്ടമാണ് മെസി ചാമ്പ്യൻസ് ലീഗ് നേടിയത്. 2015നുശേഷം കിരീടമില്ല. ഇതിൽക്കൂടി കണ്ണിട്ടാണ് മുപ്പത്തിനാലുകാരൻ പിഎസ്ജിയിൽ എത്തിയിരിക്കുന്നതെന്ന് വ്യക്തമായി. ഫ്രഞ്ച് ക്ലബ്ബിനും യൂറോപ്യൻ കിരീടം പ്രധാനമാണ്. കഴിഞ്ഞകാലമത്രയും അതിനായാണവർ കാത്തിരിക്കുന്നത്.
പാരിസിൽ ആവേശകരമായ വരവേൽപ്പാണ് മെസിക്ക് ലഭിച്ചത്. വാർത്താസമ്മേളനത്തിനുശേഷം പിഎസ്ജി സ്റ്റേഡിയത്തിനുമുന്നിലെത്തിയ അർജന്റീനക്കാരനെ കാണാൻ ആയിരങ്ങൾ തടിച്ചുകൂടി. തന്റെ കുപ്പായം നൽകിയും കെെവിശീ കാണിച്ചും മെസി ആരാധകരെ അഭിവാദ്യം ചെയ്തു. ബുധനാഴ്ച രാവിലെമുതൽ പിഎസ്ജിയുടെ ഔദ്യോഗിക സ്–റ്റോറിൽനിന്ന് ചൂടപ്പംപോലെയാണ് മെസിയുടെ 30–-ാംനമ്പർ കുപ്പായം വിറ്റുപോയത്.