പാരിസ്
പിഎസ്ജിക്കായി മെസി കളിക്കുക 30–-ാംനമ്പർ കുപ്പായത്തിൽ. ബാഴ്സലോണയിലും അർജന്റീനയിലും പത്താംനമ്പറിലാണ് ഈ മുന്നേറ്റക്കാരൻ കളിച്ചുകൊണ്ടിരുന്നത്. ആധുനിക ഫുട്ബോളിൽ ടീമിലെ ഏറ്റവും മികച്ച കളിക്കാരനാണ് സാധാരണയായി പത്താംനമ്പർ ഉപയോഗിക്കാറ്.
പിഎസ്ജിയിൽ നെയ്മറാണ് നിലവിൽ പത്താംനമ്പറുകാരൻ. ബ്രസീലുകാരൻ ഈ നമ്പർ നൽകാമെന്ന് അറിയിച്ചെങ്കിലും മെസി നിരസിച്ചു. പകരക്കാരൻ ഗോൾകീപ്പർ അലെക്സാണ്ടർ ലെറ്റെലിയറാണ് പിഎസ്ജിക്കായി മുപ്പതാം നമ്പറിടുന്നത്. ഫ്രഞ്ച് ലീഗിൽ ഗോളിമാർക്കുള്ളതാണ് ഈ നമ്പർ. മെസിക്ക് മുപ്പതാം നമ്പറിടാൻ ലീഗും സമ്മതംമൂളി. ബാഴ്സലോണയ്ക്കായി അരങ്ങേറുമ്പോൾ മെസി 30–-ാംനമ്പർ കുപ്പായമാണിട്ടത്. പിന്നീട് 19–ാംനമ്പറും ഉപയോഗിച്ചു. റൊണാൾഡീന്യോ ടീം വിട്ടതോടെ 2008 മുതൽ പത്തായി മെസിയുടെ കുപ്പായം.
വെെകും അരങ്ങേറ്റം
ഫ്രഞ്ച് ലീഗിൽ ഒരു റൗണ്ട് മത്സരങ്ങൾ പൂർത്തിയായെങ്കിലും ലയണൽ മെസിയുടെ പിഎസ്ജി അരങ്ങേറ്റം വെെകും. ജൂലെെയിലെ കോപ അമേരിക്ക വിജയത്തിനുശേഷം അവധിക്കാലാഘോഷത്തിലായിരുന്നു അർജന്റീനക്കാരൻ. പന്ത് തൊട്ടിട്ട് മാസങ്ങളായി. വീണ്ടും കളിച്ചുതുടങ്ങാൻ മൂന്നാഴ്ചത്തെ പരിശീലനമെങ്കിലും വേണം. വാർത്താസമ്മേളനത്തിൽ മെസിയും ഇത് സൂചിപ്പിച്ചു.
ഇതിനിടെ സെപ്തംബർ ആദ്യവാരങ്ങളിൽ അർജന്റീനയുടെ ലോകകപ്പ് യോഗ്യതാമത്സരങ്ങളുണ്ട്. ഇതും കഴിഞ്ഞാകും മെസി പിഎസ്ജിക്കായി അരങ്ങേറുക.
സെപ്തംബർ 12നും 15നും പിഎസ്ജിക്ക് മത്സരങ്ങളുണ്ട്.