ന്യൂയോർക്ക്
ലൈംഗികപിഡന ആരോപണങ്ങളെത്തുടർന്ന് രാജി പ്രഖ്യാപിച്ച ആൻഡ്രൂ കോമോയ്ക്ക് പകരം ന്യൂയോർക്ക് ഗവർണറാകുന്നത് ഒരു സ്ത്രീ. കോമോയുടെ ലഫ്റ്റനന്റ് ഗവർണർ കാത്തി ഹോകുൾ (62) ആണ് 233 വർഷ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്തിന്റെ ഗവർണറാകുന്ന സ്ത്രീ. നിലവിലെ ഗവർണറുടെ കാലാവധി അവസാനിക്കുന്ന 2022 ഡിസംബർവരെ അധികാരത്തിൽ തുടരാം. ന്യൂയോർക്കിന്റെ 57–-ാം ഗവർണറാകാൻ താൻ സജ്ജയാണെന്ന് അവർ ട്വീറ്റ് ചെയ്തു.
2015 ജനുവരി ഒന്നിനാണ് കാത്തി ന്യൂയോർക്കിന്റെ 77–-ാം ലഫ്. ഗവർണറായി ചുമതലയേറ്റത്. മുമ്പ് എം ആൻഡ് ടി ബാങ്ക് സ്ട്രാറ്റജിക് റിലേഷൻഷിപ്സ് വിഭാഗം ഗ്രൂപ്പ് വൈസ് പ്രസിഡന്റായിരുന്നു. 2011 മുതൽ 2013 വരെ ന്യൂയോർക്കിൽനിന്നുള്ള പ്രതിനിധിസഭാംഗമായി. എറീ കൗണ്ടി ക്ലർക്കായും 14 വർഷം ഹാംബർഗ് ടൗൺ കൗൺസിൽ അംഗമായും പ്രവർത്തിച്ചു.
ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് നിയമിച്ച സ്വതന്ത്രസമിതിയുടെ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് കോമോ രാജി പ്രഖ്യാപിച്ചത്. 14 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽവരും. ലൈംഗിക ആരോപണത്തെ തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ട മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭവന മന്ത്രിയായിരുന്നു. സമാന കാരണത്താൽ ഉന്നതർ രാജിവയ്ക്കുന്നത് ന്യൂയോർക്കിൽ ആദ്യമല്ല. 2008ൽ വ്യഭിചാരക്കേസുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അന്നത്തെ ഗവർണർ എലിയട്ട് സ്പിറ്റ്സർ രാജി വച്ചത്. പതിനഞ്ചുകാരിക്ക് അശ്ലീല സന്ദേശം അയച്ച പ്രതിനിധിസഭാംഗം ആന്റണി വെയ്നർ ജയിലിലായി. 2018ൽ നിരവധി സ്ത്രീകൾ പീഡന ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് അറ്റോർണി ജനറൽ എറിക് ഷ്നൈഡർമനും രാജിവച്ചു.