ന്യൂഡൽഹി
ഒബിസി വിഭാഗത്തെ നിശ്ചയിക്കാന് സംസ്ഥാനങ്ങൾക്ക് അധികാരം തിരികെനൽകുന്ന 127–-ാം ഭരണഘടനാ ഭേദഗതി ബില്ലില് കേന്ദ്രസർക്കാരിന് മേനി നടിക്കാൻ ഒന്നുമില്ലെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം പറഞ്ഞു. സർക്കാർ സ്വന്തം തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നത്.
ദേശീയ പിന്നോക്ക കമീഷന് ഭരണഘടനാ പദവി നൽകിയ 2018ലെ 102–-ാം ഭരണഘടനാഭേദഗതി പിന്നോക്കവിഭാഗത്തെ നിര്ണയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനു മാത്രമാക്കി. ഇതിന്റെ അപകടം പ്രതിപക്ഷം അന്നേ ചൂണ്ടിക്കാട്ടി. മേയിൽ സുപ്രീംകോടതി വിധി വന്നശേഷം സംസ്ഥാനങ്ങളുടെ അധികാരം നിരന്തരം ഹനിക്കപ്പെട്ടു. ഇതോടെ തെറ്റുതിരുത്താൻ കേന്ദ്രം നിർബന്ധിതമായി. പിന്നോക്ക, ദുർബല, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിന് മാറ്റംവന്നിട്ടില്ല. ഒബിസി നിര്ണയ മാനദണ്ഡം കാലോചിതമായി പരിഷ്കരിക്കണം.
മാനദണ്ഡങ്ങളിലെ അപാകത്താല് കേരളത്തിലടക്കം അർഹരായ പലർക്കും സംവരണം ലഭിക്കുന്നില്ല. ദളിത് ക്രൈസ്തവർക്കും സംവരണം ലഭിക്കണം–-കരീം പറഞ്ഞു.