വാർസോ
മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന ബിൽ കൊണ്ടുവന്നെന്ന് ആരോപിച്ച് സഖ്യകക്ഷിയായിരുന്ന എഗ്രിമെന്റ് പാർടി പിന്തുണ പിൻവലിച്ചതോടെ പോളണ്ടിൽ ഭരണകക്ഷി ലോ ആൻഡ് ജസ്റ്റിസ് പാർടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു.
യൂറോപ്യരല്ലാത്തവർക്ക് രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരം നിഷേധിക്കുന്ന ബില്ലാണ് പ്രശ്നമായത്. ബുധനാഴ്ച പാർലമെന്റിൽ വോട്ടിനിടേണ്ടിയിരുന്ന ബിൽ മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു.
അമേരിക്കൻ കമ്പനി ഡിസ്നിക്കെതിരായ നീക്കമായാണ് ഇത് കണക്കാക്കപ്പെടുന്നത്. എഗ്രിമെന്റ് പാർടിയും വിമർശം ഉന്നയിച്ചതോടെ പാർടിയെയും ഉപ പ്രധാനമന്ത്രി ജാർസ്ലോ ഗോവിനെയും പുറത്താക്കുന്നതായി പ്രധാനമന്ത്രി മീതിയസ് മോറേവിയെകി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് എഗ്രിമെന്റ് പാർടി ഔദ്യോഗികമായി പിന്തുണ പിൻവലിച്ചത്.