ന്യൂഡൽഹി
ഇന്ത്യയിലെ ബാങ്ക് ഉപയോക്താക്കളെ ലക്ഷ്യംവച്ച് വൻ സൈബർ തട്ടിപ്പിന് സാധ്യതയെന്ന് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്. ബാങ്കുകളുടെ വ്യാജ വെബ്സൈറ്റുകൾ സൃഷ്ടിച്ച് ഉപയോക്താക്കളുടെ രഹസ്യവിവരങ്ങൾ കൈക്കലാക്കുകയാണ് ലക്ഷ്യം. ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ച് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടിഐ) മാർഗനിർദേശം പുറപ്പെടുവിച്ചു.
തട്ടിപ്പ്
സന്ദേശം
വ്യാജ വെബ്സൈറ്റിന്റെ ലിങ്കുള്ള സന്ദേശങ്ങൾ എസ്എംഎസ് ആയി എത്തും. ഇതിൽ പ്രവേശിച്ചാൽ, രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഇന്റർനെറ്റ് ബാങ്കിങ് വെബ്സൈറ്റുകളെ പകർത്തിയ വ്യാജ വെബ്സൈറ്റിലെത്തും. ‘എൻഗ്രോക്ക്’ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നത്. ഇതിൽ ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ നൽകിയാൽ ഒടിപി വരുന്നത് തട്ടിപ്പുകാരിൽനിന്നാകും. ഈ ഒടിപി ഉപയോഗിക്കുന്നതോടെ അക്കൗണ്ടിന്റെ നിയന്ത്രണം കൈക്കലാക്കി തട്ടിപ്പുനടത്തും. ‘http://446bdf227fc4.ngrok.io/xxxbank’–-ഇത്തരത്തിലുള്ള ലിങ്കുകളാകും സന്ദേശങ്ങളിലുണ്ടാകുക.
ഇവ ശ്രദ്ധിക്കണം
ചുരുക്കരൂപത്തിലുള്ള യുആർഎല്ലുകളടക്കം യഥാർഥമാണോയെന്ന് പരിശോധിക്കണം. വെബ്സൈറ്റ് ഡൊമൈൻ വ്യക്തമായവയിൽ മാത്രം പ്രവേശിക്കുക. സംശയമുള്ള ഇടപെടലുകൾ ഉടൻ ബാങ്കുകളെ അറിയിക്കണം. incident@cert-in.org.in എന്ന സിഇആർടിഐയുടെ വെബ്സൈറ്റിലും റിപ്പോർട്ടുചെയ്യാം.