ചേർത്തല > നിയമസഭാ തെരഞ്ഞെടുപ്പിൽ ചേർത്തല, അരൂർ മണ്ഡലങ്ങളിൽ എൻഡിഎ നേരിട്ട കനത്ത തിരിച്ചടിയിൽ ബിജെപി സംസ്ഥാന നേതൃത്വം നിയോഗിച്ച അന്വേഷണ കമീഷൻ തെളിവെടുത്തു. രാപ്പകൽ നീണ്ട തെളിവെടുപ്പിൽ ബിഡിജെഎസിനെതിരെയാണ് മുഖ്യമായും കുറ്റപ്പെടുത്തൽ.
തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന പാർടിയാണ് ബിഡിജെഎസ് എന്നായിരുന്നു പ്രധാന ആക്ഷേപം. ചേർത്തലയിൽ പി എസ് ജ്യോതിസിനെ പൊടുന്നനെ എൻഡിഎ സ്ഥാനാർഥിയായി അവതരിപ്പിച്ചത് പരമ്പരാഗത വോട്ട് നഷ്ടപ്പെടുത്തി. ബിഡിജെഎസിന് രണ്ട് മണ്ഡലങ്ങളും നൽകിയതിനെതിരെയും വിമർശനം ഉയർന്നു.
മണ്ഡലം നേതൃത്വത്തിന്റെ പ്രവർത്തനം പേരിന് മാത്രമായി. ആർഎസ്എസ്–-ബിജെപി പ്രവർത്തകരിൽ ഒരുവിഭാഗത്തിന് കോൺഗ്രസ് സ്ഥാനാർഥിയുമായി രഹസ്യധാരണ ഉണ്ടായിരുന്നതായും ചിലർ ആരോപിച്ചു. വൻതോതിൽ പണം ഒഴുക്കിയത് ഉപരിതലത്തിൽ മാത്രമാണ് പ്രയോജനപ്പെട്ടത്.
അടിത്തട്ടിൽ ചലനം ഉണ്ടാക്കാനായില്ല. ചേർത്തല, അരൂർ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളാകണം മത്സരിക്കേണ്ടതെന്ന ആവശ്യവും ഉയർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ടി സുധീർ, സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, മേഖല സംഘടനാ സെക്രട്ടറി സുരേഷ് എന്നിവരാണ് തെളിവെടുത്തത്.